വിവരസാങ്കേതിക വിദ്യയിൽ കേമന്മാർ
text_fieldsദോഹ: വിവര സാങ്കേതിക വിദ്യാ മേഖലയിൽ മുൻനിര രാജ്യമായി ഖത്തറും. മൊബൈൽ ഫോൺ മുതൽ വിവരസാങ്കേതികവിദ്യ ഉപകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിലും സ്വാധീനത്തിലുമുള്ള വളർച്ച സൂചിപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ കുതിപ്പ്. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ (ഐ.ടി.യു) വികസന സൂചിക 2023 എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ 10 പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി ലോകത്തെ 169 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും വിവരസാങ്കേതിക മേഖലയിലെ പുരോഗതി റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നു.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ശതമാനം, മൊബൈൽ ബ്രോഡ്ബാൻഡ് വളർച്ച, മൊബൈൽ ഇന്റർനെറ്റ് ട്രാഫിക്, ഡാറ്റ വിലകൾ, വോയ്സ് സേവനങ്ങൾ, മൊബൈൽ ഫോൺ ഉടമസ്ഥത എന്നിവ ഈ സൂചകങ്ങളിൽ ഉൾപ്പെടുന്നു. ആകെ സൂചകങ്ങളിൽ 98.7 ശതമാനവുമായി ഖത്തർ മൂന്നാമതെത്തി. 100 ശതമാനവുമായി യു.എ.ഇ, 99.1 ശതമാനം നേടി അമേരിക്ക എന്നിവരാണ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
റിപ്പോർട്ട് പ്രകാരം ഖത്തറിൽ 99.7 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. വീട്ടിൽ ഇന്റർനെറ്റ് സൗകര്യമുള്ളവർ 95 ശതമാനം വരും. ഖത്തറിലെ ജനസംഖ്യയുടെ 100 ശതമാനവും ചുരുങ്ങിയത് ത്രീ ജി മൊബൈൽ നെറ്റ്വർക്കിന് പരിധിയിലാണ് ഉൾപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 99.8 ശതമാനവും കുറഞ്ഞത് 4ജി/എൽ.ടി.ഇ മൊബൈൽ നെറ്റ്വർക്ക് പരിധിയിലാണുള്ളത്. അതേസമയം, ഒരു മൊബൈൽ ഫോണെങ്കിലും ഉള്ള വ്യക്തികൾ 99.6 ശതമാനം വരും.
ആഗോളാടിസ്ഥാനത്തിലും എല്ലാ മേഖലകളിലും ഇന്റർനെറ്റ് ഉപയോഗം വർധിച്ചതായി ഐ.ടി.യു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന 540 കോടി ആളുകൾ ലോക ജനസംഖ്യയുടെ 67 ശതമാനം വരും. യൂറോപ്പ്, കോമൺവെൽത്ത്, അമേരിക്ക രാജ്യങ്ങളിൽ ജനസംഖ്യയുടെ 90 ശതമാനവും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ആഗോള ശരാശരിക്ക് അനുസൃതമായി അറബ് രാജ്യങ്ങളിലും ഏഷ്യയിലും മൂന്നിൽ രണ്ട് പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാൽ, ആഫ്രിക്കയിൽ ജസംഖ്യയുടെ 37 ശതമാനംപേർ മാത്രമാണ് ഇന്നും ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൊബൈൽ ഫോൺ ഉടമസ്ഥത ആഗോളതലത്തിൽ ഇന്റർനെറ്റ് ഉപയോഗത്തെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. 2023ൽ 10 വയസ്സിന് മുകളിലുള്ള 78 ശതമാനം പേരും മൊബൈൽ ഫോൺ സ്വന്തമാക്കിയിട്ടുണ്ടെന്ന് അതിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.