ടെസ്ല പോനാൽ പോകട്ട്...
text_fieldsഇലോൺ മസ്കിന്റെ ടെസ്ല കമ്പനി യു.എസിൽ നൂറുകണക്കിന് ജീവനക്കാർക്ക് പിങ്ക് സ്ലിപ് (പിരിച്ചുവിടൽ നോട്ടീസ്) നൽകിക്കൊണ്ടിരിക്കവെ, കമ്പനിയിൽ തന്റെ ഇന്റേൺഷിപ് മുടങ്ങിയതിൽ സങ്കടപ്പെടുന്ന ഇന്ത്യൻ വിദ്യാർഥിയുടെ ലിങ്കിഡ്ഇൻ കുറിപ്പ് കൗതുകകരമായി.
ഒരു മാസമായി ചറപറ പിരിച്ചുവിടൽ നടക്കുന്ന ടെസ്ലയിലെ ജീവനക്കാരുടെ അനുഭവ വിവരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, പ്രമുഖ ബിസിനസ്/കരിയർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ. ഇതിനിടയിലാണ് ഇന്റേൺഷിപ് പയ്യന്റെ ‘സെൽഫ് മോട്ടിവേഷൻ’ വരികൾ. ‘ഞാനിതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ്, ശക്തമായ തിരിച്ചുവരവിനുള്ള വെല്ലുവിളി. ടെസ്ലയിൽ സമ്മർ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചപ്പോൾ ഏറെ ആവേശഭരിതനായിരുന്നു.
എന്നാൽ, ഇപ്പോൾ നടക്കുന്ന വെട്ടിക്കുറക്കലിന്റെ ഭാഗമായി എന്റെ കാര്യവും തീരുമാനമായി. എന്റെ പ്രഫഷണൽ യാത്രയിൽ ചെറുതടസ്സമായി കണ്ട് തിരിച്ചടിക്കാനാണ് എന്റെ തീരുമാനം’ -പയ്യൻസ് കുറിച്ചു. ജോലി തെറിക്കുന്ന ആനക്കാര്യത്തിനിടക്ക് പയ്യന്റെ ഇന്റേൺഷിപ് സങ്കടമെന്ന് ചിലർ കമന്റിടുന്നുണ്ടെങ്കിലും കുറിപ്പ് വൈറലായിരിക്കുകയാണ്.
കമ്പനിയുടെ ആൾബലം 10 ശതമാനം കുറക്കുമെന്ന് ഇലോൺ മസ്ക് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ടെസ്ല വൈദ്യുതി കാറുകൾക്ക് വിപണിയിൽ തിരിച്ചടി നേരിട്ടതിനെതുടർന്നാണ് കടുത്ത നീക്കങ്ങൾക്ക് കമ്പനി മുതിരുന്നതെന്നാണ് വിപണി സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.