പെഗസസ് വാങ്ങിയത് 200 കോടി ഡോളറിന്‍റെ ഇസ്രായേൽ ആയുധ ഇടപാടിന്‍റെ ഭാഗമെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തിക്കേസിൽ മോദി സർക്കാറിനെ വീണ്ടും കുരുക്കി പുതിയ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിനൊപ്പം തീരുമാനിച്ച 200 കോടി ഡോളറിന്‍റെ ആയുധ ഇടപാടിൽ ഉൾപ്പെടുത്തി ചാര ഉപകരണമായ പെഗസസ് വാങ്ങിയെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ് ഇടപാടിൽ നേരിട്ട് പങ്കാളിയാണെന്ന് വിശദീകരിക്കുന്നതാണ് റിപ്പോർട്ട്.
2017 ജൂലൈയിലാണ് മോദി ഇസ്രായേൽ സന്ദർശിച്ചത്. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ തന്നെയാണ് അന്നാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിൽ എത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.
മോദിയുടെ സന്ദർശനത്തിനൊപ്പമാണ് മിസൈലും പെഗസസും അടക്കമുള്ള ആയുധ ഇടപാടിന് തീരുമാനിച്ചത്. മാസങ്ങൾക്കു ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലേക്കും അപൂർവ സന്ദർശനം നടത്തി. 2019ൽ ഫലസ്തീൻ മനുഷ്യാവകാശ സംഘടനക്ക് നിരീക്ഷക പദവി നിഷേധിക്കുന്നതിന് ഇസ്രായേലിനെ ഇന്ത്യ യു.എൻ സാമ്പത്തിക-സാമൂഹിക സമിതിയിൽ പിന്തുണച്ചതും റിപ്പോർട്ടിൽ എടുത്തു പറഞ്ഞു.
അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നേരത്തെ പെഗസസ് വാങ്ങി വർഷങ്ങളോളം പരീക്ഷിച്ച കാര്യവും റിപ്പോർട്ടിലുണ്ട്. ആഭ്യന്തര നിരീക്ഷണത്തിന് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ പെഗസസ് ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വർഷം എഫ്.ബി.ഐ തീരുമാനിച്ചു.
ഇസ്രായേലിൽ നിന്ന് കിട്ടിയ ചാര ഉപകരണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം രാഷ്ട്രീയ പ്രതിയോഗികളെയും സുപ്രീംകോടതി ജഡ്ജിമാരെയും 40ഓളം മാധ്യമ പ്രവർത്തകരെയും തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങളെയും മറ്റും നിരീക്ഷിക്കാനും വിവരം ചോർത്താനും ഉപയോഗിച്ചുവെന്ന ആരോപണത്തിനു നടുവിലാണ് മോദിസർക്കാർ.
ഇന്ത്യ പെഗസസ് വാങ്ങിയതായി മോദിസർക്കാറോ ഇസ്രായേൽ ഭരണകൂടമോ ഇതുവരെ സമ്മതിച്ചിട്ടില്ല. പെഗസസ് ദുരുപയോഗിച്ചിട്ടില്ലെന്നല്ലാതെ, വാങ്ങിയിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിലോ പാർലമെന്‍റിലോ പറഞ്ഞിട്ടില്ല. സർക്കാറിന്‍റെ ചാരവൃത്തിയെക്കുറിച്ച് വിശദാന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി തെളിവു ശേഖരണം നടത്തി വരുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.