യൂട്യൂബർമാർ ചില്ലറക്കാരല്ല...! ഇന്ത്യൻ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് ഭീമൻ തുക
text_fieldsഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജി.ഡി.പി) രാജ്യത്തെ യൂട്യൂബർമാർ സംഭാവന ചെയ്‌തത് 10,000 കോടി രൂപ. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2021ൽ മാത്രം ജി.ഡി.പിയിലേക്ക് 10,000 കോടിയിലധികം രൂപയാണ് യൂട്യൂബിന്റെ ക്രിയേറ്റീവ് എകോസിസ്റ്റത്തിലൂടെ ലഭിച്ചതത്രേ. കൂടാതെ രാജ്യ വ്യാപകമായി 750,000-ലധികം മുഴുവൻ സമയ ജോലികൾക്ക് തത്തുല്യമായവ സൃഷ്ടിക്കാനും യൂട്യൂബിന് കഴിഞ്ഞതായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു.
ഇന്ത്യയിൽ 10 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുള്ള 4500ൽ അധികം യൂട്യൂബ് ചാനലുകളുള്ളതായാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ കണക്കുകൾ. ഒരു ലക്ഷമോ അതിൽ കൂടുതലോ വാർഷിക വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. 30 ബില്യണിലധികം ആളുകളാണ് ആരോഗ്യ സംബന്ധമായ വിഷയങ്ങൾ യൂട്യൂബിലൂടെ കണ്ടത്. യാത്ര, ഭക്ഷണം, ഗെയിമിങ്, സംഗീതം എന്നീ വിഭാഗങ്ങളിലുള്ള ഉള്ളടക്കങ്ങൾക്കും ഏറെ കാഴ്ചക്കാരുണ്ട്. ഗെയിമിങ് വിഡിയോകൾ അപ്ലോഡ് ചെയ്യുന്ന ക്രിയേറ്റർമാർ വലിയ രീതിയിൽ പണമുണ്ടാക്കിയ വർഷം കുടിയാണ് 2021.
യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി 2021-ൽ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഉപയോക്താക്കളെയും ഉള്ളടക്ക സൃഷ്ടാക്കളെയും അടിസ്ഥാനമാക്കി സർവേ നടത്തിയിരുന്നു. പലരും യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള ഉപാധിയായി ഉപയോഗിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ഗൂഗിളിന് പകരം യൂട്യൂബിനെ ആശ്രയിക്കുന്നവർ ഒരുപാട് വർധിച്ചു. കരിയർ സംബന്ധമായ സൃഷ്ടികൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതൽ രസകരമാകുന്നുണ്ടെന്ന് അമ്മമാർ പ്രതികരിച്ചതായും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
യൂട്യൂബ് വഴി യൂട്യൂബർമാർ മാത്രമല്ല വരുമാനമുണ്ടാക്കുന്നത്. വിഡിയോ എഡിറ്റർമാരും ഗ്രാഫിക് ഡിസൈനർമാരും പ്രോഗ്രാം പ്രൊഡ്യൂസർമാരും ശബ്ദ - ചിത്ര സംയോജകരുമെല്ലാം ഗൂഗിളിന്റെ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോം വഴി പണമുണ്ടാക്കുന്നുണ്ട്. വരും വർഷങ്ങളിൽ യൂട്യൂബിനെ കൂടുതൽ ജനകീയമാക്കുന്ന പദ്ധതികൾ കൊണ്ടുവരുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.