സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട രണ്ടാമത്തെ ഏഷ്യൻ രാജ്യമായി ഇന്ത്യ
text_fieldsകഴിഞ്ഞ വർഷം ഏഷ്യ-പസഫിക്കിൽ സൈബർ ക്രിമിനലുകൾ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണെന്ന് െഎ.ബി.എം ബുധനാഴ്ച്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജപ്പാനാണ് ഒന്നാം സ്ഥാനത്തുള്ളത്. ധനകാര്യം, ഇൻഷുറൻസ് മേഖലകളാണ് ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് (60 ശതമാനം). ഉൽപ്പാദന, പ്രൊഫഷണൽ സേവനങ്ങളാണ് തൊട്ടുപിറകിലുള്ളത്. 2020 ൽ ഏഷ്യയിൽ നടന്ന സൈബർആക്രമണങ്ങളിൽ ഏഴ് ശതമാനവും ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളാണെന്നാണ് െഎ.ബി.എം വ്യക്തമാക്കുന്നത്.
മൊത്തം സൈബർ ആക്രമണങ്ങളിൽ 40 ശതമാനവും റാൻസംവെയർ ആണെന്നാണ് റിപ്പോർട്ട്. കൂടാതെ, ഡിജിറ്റൽ കറൻസി മൈനിങ്ങും സെർവർ ആക്സസ് ആക്രമണവും കഴിഞ്ഞ വർഷം ഇന്ത്യൻ കമ്പനികളെ ബാധിച്ചതായി എക്സ്-ഫോഴ്സ് നിരീക്ഷിച്ചു.
''വാക്സിൻ വിതരണ ശൃംഖലയിലെ നിർണായക ഘടകങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളടക്കം, ദുരിതാശ്വാസ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ വിവരങ്ങളും സ്പാമിങ്ങിനായി സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇവയെല്ലാം 2021ലും വലിയ പ്രതിസന്ധിയായി തുടരുന്നുണ്ട്. '' -ഐബിഎം ഉദ്യോഗസ്ഥനായ സന്ദീപ് ദാസ് പറഞ്ഞു.
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ 2019ൽ 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും രാജ്യം സ്മാർട്ട് സിറ്റികൾ വികസിപ്പിക്കാനും 5ജി ശൃംഖല വികസിപ്പിക്കാനും തുടങ്ങുമ്പോൾ സൈബർ ഭീഷണി തുടരുമെന്നും ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്റർ ലഫ്റ്റനൻറ് ജനറൽ (ഡോ) രാജേഷ് പന്ത് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, സൈബർ ആക്രമണങ്ങൾ പരിശോധിക്കുന്നതിനും വിശ്വസനീയമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സൈബർ സുരക്ഷയ്ക്കായി ഒരു പ്രത്യേക ഇൻഡസ്ട്രി ഫോറം രൂപീകരിക്കണമെന്നും പന്ത് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.