കടലിൽ നിന്ന് മിസൈൽ പ്രതിരോധം; ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണ പറക്കൽ വിജയം
text_fieldsന്യൂഡൽഹി: ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വരെ ചെന്ന് മിസൈലുകളെ ചെറുക്കാൻ ശേഷിയുള്ള പ്രഥമ ഇന്റർസെപ്റ്റർ മിസൈലിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. കടലിൽ നിന്ന് തൊടുക്കുന്ന മിസൈലാണ്, ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിനു സമീപം പുറംകടലിൽ വെച്ച് കപ്പലിൽ നിന്ന് വിക്ഷേപിച്ചത്.
രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ (ബി.എം.ഡി) ദൗത്യത്തിന്റെ ഭാഗമാണിത്. പദ്ധതി പൂർത്തിയാവുന്നതോടെ ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഇന്ത്യയും എത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലോങ് റേഞ്ച് ആണവ മിസൈലുകളെയും അവാക്സ് അടക്കമുള്ള ശത്രു വിമാനങ്ങളെയും തടയാൻ ബി.എം.ഡി സംവിധാനത്തിനു കഴിയും.
പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചതിന് ഇന്ത്യൻ നാവികസേനയെയും പ്രതിരോധ ഗവേഷണ-വികസന ഓർഗനൈസേഷനെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. കരയിൽ നിന്ന് തൊടുക്കുന്ന ബി.എം.ഡി സംവിധാനത്തിന്റെ പരീക്ഷണം നേരത്തെ തന്നെ ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.