ഇന്റർനെറ്റ് കണക്ഷനില്ലാതെ ഫോണിൽ വിഡിയോ സ്ട്രീം ചെയ്യാം; ഡി2എം സാങ്കേതികവിദ്യ വരുന്നു
text_fieldsഅതെ, വൈകാതെ തന്നെ സിം കാർഡോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ നിങ്ങളുടെ ഫോണിൽ വിഡിയോ സ്ട്രീം ചെയ്യാൻ കഴിഞ്ഞേക്കും. ഡയറക്ട്-ടു-മൊബൈൽ ((D2M)) ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നിങ്ങളുടെ വീട്ടിലെ ടെലിവിഷനിൽ ചാനലുകൾ ആസ്വദിക്കുന്നത് പോലെ മൊബൈൽ ഫോണിൽ നേരിട്ട് ടിവി ചാനലുകൾ കാണാം. ഡാറ്റാ നഷ്ടമില്ലാതെ ഒ.ടി.ടി ഉള്ളടക്കവും ആസ്വദിക്കാം. ഡയറക്ട്-ടു-മൊബൈൽ ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ഉടൻ 19 നഗരങ്ങളിൽ ആരംഭിച്ചേക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചുകഴിഞ്ഞു.
ഒരു ബില്യണിലധികം മൊബൈൽ ഉപകരണങ്ങളിലേക്കെത്താൻ ഡി2എം ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സേവനം ലഭിക്കാനായി ആ സാങ്കേതികവിദ്യ പിന്തുണക്കുന്ന ചിപ്പുകളോ ഡോംഗിളോ സ്മാർട്ട്ഫോണുകളിൽ ചേർക്കേണ്ടിവരും. തുടക്കത്തിൽ ഡോംഗിളുകളായിരിക്കും വിപണിയിലെത്തുക.
ഫീച്ചർ അവതരിപ്പിക്കാനായി നിലവിൽ ഔപചാരികമായ ഒരു ടൈംലൈൻ സജ്ജീകരിച്ചിട്ടില്ല. അതുപോലെ,ഡി2എം സാങ്കേതിവിദ്യ എത്രയും പെട്ടന്ന് സ്വീകരിക്കാനും ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളോട് സർക്കാർ നിർബന്ധിക്കുകയില്ല. അതേസമയം, സാങ്കേതികവിദ്യയ്ക്ക് എല്ലാ മന്ത്രാലയങ്ങളിൽ നിന്നും പൂർണ പിന്തുണ ലഭിച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ ആക്‌സസ് വിപുലീകരിക്കുന്നതിൽ ഈ സാങ്കേതികവിദ്യ പ്രധാനമാണെന്നും ഈ മേഖലയിൽ രാജ്യത്തിന് ഒരു മുൻനിരക്കാരനാകാൻ കഴിയുമെന്നും ഡി2എമ്മമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ഇൻഡസ്ട്രി കോൺക്ലേവിൽ സംസാരിച്ച വിവിധ ഡിപ്പാർട്ട്‌മെന്റിലെ സെക്രട്ടറിമാർ പറഞ്ഞു.
സാംഖ്യ ലാബ്‌സും ഐഐടി കാൺപൂരും ചേർന്നാണ് D2M ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. സാംഖ്യ ലാബ്‌സുമായി ചേർന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. മൊബൈൽ യൂണികാസ്റ്റ് നെറ്റ്‌വർക്കുകളുമായി സംയോജിച്ച് വൺ-ടു-ഇൻഫിനൈറ്റ് ആർക്കിടെക്ചർ പ്രയോജനപ്പെടുത്തി ലീനിയർ, ഒടിടി വിഡിയോ സേവനങ്ങൾ നൽകാൻ സാംഖ്യയുടെ ബ്രോഡ്കാസ്റ്റിങ് സൊല്യൂഷൻ "സ്മാർട്ട്" പൈപ്പുകൾ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.