ഇന്ത്യയിൽ എല്ലായിടത്തും 5ജി എന്നെത്തും..? പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്
text_fieldsന്യൂഡൽഹി: കേരളമടക്കം ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ 5ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, നിലവിൽ ചില നഗരങ്ങളിൽ മാത്രമാണ് 5ജി ലഭിക്കുന്നത്. കേരളത്തിലെ പന്ത്രണ്ട് നഗരങ്ങളിലും (ആലപ്പുഴ, ചേർത്തല, ഗുരുവായൂർ ക്ഷേത്രം, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം) ജിയോ 5ജി അവതരിപ്പിച്ചുകഴിഞ്ഞു. എയർടെലും വ്യാപകമായി 5ജി എത്തിച്ചുതുടങ്ങിയിട്ടുണ്ട്.
എന്നാൽ, 4ജി പോലെ, ഇന്ത്യയിലാകമാനം എല്ലാ ഗ്രാമങ്ങളിലുമടക്കം എന്ന് 5ജി എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഐ.ടി മന്ത്രിയായ അശ്വിനി വൈഷ്ണവ്. 2024 ഡിസംബറോടെ രാജ്യത്ത് 100 ശതമാനം 5ജി കവറേജുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ഒന്നാം ഘട്ടത്തിൽ 2023 മാർച്ച് 31-നകം 200 നഗരങ്ങളിലും ജില്ലകളിലും ഇന്ത്യ 5G കവറേജ് കൈവരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇന്നത്തെ കണക്കനുസരിച്ച്, ഇന്ത്യയിലെ 387 ജില്ലകളിലും 5G എത്തിയിട്ടുണ്ട്," -മന്ത്രി അറിയിച്ചു. ഇന്ത്യയുടെ 5G റോൾ ഔട്ട് ലോകത്തിലെ ഏറ്റവും വേഗതയേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോ, എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരാണ് 387 ജില്ലകളിൽ 100,000 ബേസ് ട്രാൻസ്‌സിവർ വിന്യസിച്ചുകൊണ്ട് 5G അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, എയര്‍ടെലിന്റെ 5ജി നെറ്റ്വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭിക്കുന്നുണ്ട്. 2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി സേവനങ്ങള്‍ എത്തിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.