‘ഇനി ഓൺലൈൻ ഗെയിമിങ് പഴയത് പോലല്ല’; ഇ-സ്‍പോർട്സിന് അംഗീകാരം നൽകി ഇന്ത്യ; പക്ഷെ...!
text_fieldsന്യൂഡൽഹി: അങ്ങനെ, ഇന്ത്യൻ ഗവൺമെന്റ് ഇ-സ്‍പോർട്സിനെ (Esports) രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ "മൾട്ടിസ്‌പോർട്‌സ് ഇവന്റ്" വിഭാഗത്തിന്റെ ഭാഗമായിരിക്കും ഇനി മുതൽ ഇ-സ്‍പോർട്സ്.
അതേസമയം രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ് വിഷയങ്ങളുടെ ചുമതല ഐ.ടി മന്ത്രാലയത്തിന് നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയിട്ടുണ്ട്. മള്‍ട്ടി പ്ലെയര്‍ ഇ-സ്പോര്‍ട്സ് ഇവന്‍റുകളുടെ നിയന്ത്രണ ചുമതല ഇനി കായിക മന്ത്രാലയത്തിനായിരിക്കും.
2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇ-സ്‍പോർട്സിനെ ഒരു പ്രകടന കായിക ഇനമായി (demonstration sport) ഉൾപ്പെടുത്തിയതിന് പിന്നാലെ, മൾട്ടി-ഡിസിപ്ലിൻ ഇവന്റുകളുടെ കരിക്കുലത്തിൽ ഇ-സ്‌പോർട്‌സ് ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. (ഡെമോൺസ്‌ട്രേഷൻ സ്‌പോർട്‌സിൽ നിന്ന് നേടിയ മെഡലുകൾ മൊത്തത്തിലുള്ള മെഡൽ പട്ടികയിൽ കൂട്ടില്ല).
അടുത്ത വർഷം ജൂണിൽ ഇനാഗുറൽ ഒളിമ്പിക് ഇ-സ്‌പോർട്‌സ് വീക്കിന് സിംഗപ്പൂർ ആതിഥേയത്വം വഹിക്കുമെന്ന് സ്ഥിരീകരിച്ച അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനും (ഐ.ഒ.സി) ഇ-സ്‌പോർട്ടിനെ ജനകീയമാക്കാൻ കാര്യമായ ശ്രമത്തിലാണ്.
എന്താണ് eSports?
ഇലക്‌ട്രോണിക് സ്‌പോർട്‌സ് എന്നതിന്റെ ചുരുക്കെഴുത്തായ ഇ-സ്‍പോർട്സിനെ വിഡിയോ ഗെയിം കോമ്പറ്റീഷൻ എന്ന് വിളിക്കാം. ഓൺലൈൻ ഗെയിമിങ്ങിനെ ഒരു കായിക വിനോദമാക്കി മാറ്റുകയാണ് അവർ ചെയ്യുന്നത്. സംഘടിത, മൾട്ടിപ്ലെയർ വീഡിയോ ഗെയിം മത്സരങ്ങളാണ് ഇ-സ്‍പോർട്സിൽ നടക്കുന്നത്. പ്രത്യേകിച്ച് പ്രൊഫഷണൽ കളിക്കാർക്കിടയിൽ (വ്യക്തിഗതമായോ ടീമായോ). ലോകമെമ്പാടുമായി നിരവധി ആരാധകർ ഇ-സ്‍പോർട്സിനുണ്ട്. ഇ-സ്‍പോർട്സ് വിഡിയോ ഗെയിം മത്സരങ്ങൾ പല വിദേശ രാജ്യങ്ങളിലും കായിക ഇനമായി നേരത്തെ തന്നെ അംഗീകരിച്ചുകഴിഞ്ഞു. കായിക മേളകളിലും ഇ-സ്‍പോർട്സ് മത്സരങ്ങൾ നടക്കാറുണ്ട്.
കാണികൾ വീഡിയോ ഗെയിമർമാർ പരസ്പരം മത്സരിക്കുന്നതാണ് കാണുന്നത്. ഗ്രൗണ്ടിലിറങ്ങി നിങ്ങളുടെ ഇഷ്ടതാരങ്ങൾ മാറ്റുരക്കുന്ന ‘ഫിസിക്കൽ ഇവന്റിന്’ പകരം, അത്തരം അനുഭവം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഗെയിമുകളിലൂടെ നിങ്ങൾക്ക് സമ്മാനിക്കുകയാണ് ഇ-സ്‍പോർട്സ് ചെയ്യുന്നത്.
ഓണ്‍ലൈന്‍ ഗെയിമിങ്ങിനുള്ള ചട്ടങ്ങള്‍ ഉടന്‍
ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്കുള്ള കരട് ചട്ടങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിച്ചേക്കുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. കരടിന്മേലുള്ള കൂടിയാലോചന ഉടന്‍ തന്നെ ആരംഭിക്കും. ടെക്നോളജി നവീകരണത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അനധികൃതമായ ഉള്ളടക്കം, സേവനം എന്നിവ കമ്പനികള്‍ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ സൃഷ്ടിക്കുന്ന ആസക്തികളെ കുറിച്ചും ആക്രമണ - ധന നഷ്ടങ്ങളെ കുറിച്ചുമെല്ലാം കേന്ദ്ര സർക്കാർ ബോധവാന്മാരാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് ഗെയിമിങ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണം വേണമെന്ന് വളരെ കാലമായി ആവശ്യപ്പെടുന്നതാണ്. ഓൺലൈൻ ഗെയിമിങ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നിർദ്ദേശിക്കുന്നതിനായി മന്ത്രിതല ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.