ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്നവരും ജാഗ്രതൈ...! മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsഇന്റർനെറ്റ് ലോകത്തെ ജനപ്രിയ വെബ് ബ്രൗസറുകളിലൊന്നാണ് മോസില്ല ഫയർഫോക്സ് (Mozilla Firefox). ഗൂഗിൾ ക്രോം അടക്കമുള്ള മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് കൂടുതൽ ഡാറ്റ സുരക്ഷയും സേഫ് ബ്രൗസിങ്ങും വാഗ്ദാനം ചെയ്യുന്ന ബ്രൗസറാണ് ഫയർഫോക്സ്. എന്നാൽ, ഇന്ത്യയിലെ എല്ലാ ഫയർഫോക്സ് ബ്രൗസർ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ).
ഇന്ത്യൻ സൈബർ സുരക്ഷാ ടീം ബ്രൗസറിൽ ഒന്നിലധികം കേടുപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. അവ സൈബർ കുറ്റവാളിയെ വിദൂരമായി നിങ്ങളുടെ ഉപകരണത്തിൽ കോഡ് എക്സിക്യൂട്ട് ചെയ്യാനും വിവരങ്ങൾ വെളിപ്പെടുത്താനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ബാധിത സിസ്റ്റത്തിൽ സേവന നിഷേധ സാഹചര്യം സൃഷ്ടിക്കാനും പ്രാപ്തമാക്കും.
124-ന് മുമ്പുള്ള ഫയർഫോക്സ് പതിപ്പുകളെയും 115.9-ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ പതിപ്പുകളെയും ഈ അപകടസാധ്യത ബാധിക്കുന്നു. 115.9-ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് പതിപ്പിനെയും ഇത് ബാധിക്കുന്നു.
Windows Error Reporter കാരണമാണ് മോസില്ല ഉത്പന്നങ്ങളിൽ ഈ കേടുപാടുകൾ നിലനിൽക്കുന്നതെന്ന് സിഇആർടി-ഇൻ പറയുന്നു. ഈ കേടുപാടുകൾ ഹാക്കർമാർ വിവിധ രീതിയിൽ ചൂഷണം ചെയ്തേക്കാം. ഉദാഹരണത്തിന്, ഹാനികരമായ ഒരു വെബ്‌സൈറ്റ് സന്ദർശിക്കുന്നതിന് ആരെയെങ്കിലും കബളിപ്പിക്കുകയോ അല്ലെങ്കിൽ അനധികൃത ആക്‌സസ് നേടുന്നതിനോ വിവരങ്ങൾ മോഷ്‌ടിക്കുന്നതിനോ അല്ലെങ്കിൽ സിസ്റ്റം ക്രാഷുചെയ്യുന്നതിനോ കോഡിംഗ് പിശകുകൾ ഉപയോഗിച്ചേക്കാം.
മോസില്ലയുടെ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകുന്നത്. ബ്രൗസറുകൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നിലവിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സിഇആർടി-ഇൻ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.