ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകിയില്ല; ദുബൈയിൽ ഇന്ത്യക്കാരന് തടവും പിഴയും
text_fieldsദുബൈ: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച ഇന്ത്യക്കാരന് ഒരു മാസം തടവ് ശിക്ഷയും പിഴയും. 5.70 ലക്ഷം ദിർഹം (1.25 കോടി രൂപ) അക്കൗണ്ടിലെത്തിയിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ദുബൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത്രയും തുക പിഴയായി അടക്കുകയും ചെയ്യണം. ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തും. ശിക്ഷിക്കപ്പെട്ടയാളുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ഇയാളുടെ അക്കൗണ്ടിലേക്ക് മെഡിക്കൽ ഉപകരണ വിതരണ സ്ഥാപനത്തിന്‍റെ പണം എത്തിയത്. എവിടെ നിന്നാണ് പണം എത്തിയത് എന്ന് തനിക്കറിയില്ലായിരുന്നു എന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. പണം കിട്ടിയ ഉടൻ 52,000 ദിർഹം വാടകയായും മറ്റ് ബിൽ തുകകളായും നൽകി. തുക തിരികെ നൽകണമെന്ന് അഭ്യർഥിച്ച് കമ്പനി അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു. പലതവണ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ല. ഈ കമ്പനിയുടെ പണം തന്നെയാണ് ഇതെന്ന് ഉറപ്പില്ലാത്തതിനാലാണ് പണം തിരികെ നൽകാതിരുന്നത് എന്നാണ് ഇയാളുടെ വാദം.
പണം അയച്ച സമയത്ത് ജീവനക്കാരനിൽ നിന്നുണ്ടായ പിഴവാണ് അക്കൗണ്ട് മാറാൻ കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പണം ലഭിക്കേണ്ടവർ പരാതി പറഞ്ഞതോടെയാണ് അക്കൗണ്ട് വീണ്ടും പരിശോധിച്ചതും പിഴവ് കണ്ടെത്തിയതും. ബാങ്കിനോട് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. സ്ഥാപനത്തിന്‍റെ തെറ്റാണെന്നും ബാങ്കിന്‍റെ പിഴവല്ലാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ഇതോടെ സ്ഥാപനം അധികൃതർ അർ റഫ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസിന്‍റെ നിർദേശ പ്രകാരം ബാങ്ക് അധികൃതർ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം തിരിച്ചെടുക്കാനായില്ല. കുറ്റം സമ്മതിച്ച ഇയാൾ പണം ഗഡുക്കളായി തിരിച്ചടക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകിയിട്ടുണ്ട്. അടുത്ത മാസം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.