സ്മാർട്ട്ഫോൺ തരംഗത്തിലും പി.സിയോട് ഇഷ്ടം കുറയാതെ ഇന്ത്യക്കാർ
text_fieldsലാപ്ടോപ്പിന് പകരം സ്മാർട്ട്ഫോൺ മതിയെന്ന് കരുതുന്നവരാണ് ഇന്ത്യക്കാർ. ഒതുക്കവും കീശക്കൊത്ത വിലയുമാണ് കാരണം. എങ്കിലും കമ്പ്യൂട്ടറിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല. അതിന് തെളിവാണ് ഇന്ത്യൻ പേഴ്സനൽ കമ്പ്യൂട്ടർ (പി.സി) വിപണി 48 ശതമാനം വാർഷിക വളർച്ച കൈവരിച്ചെന്ന റിപ്പോർട്ട്. ഡെസ്ക്ടോപ്, ലാപ്ടോപ്, ടാബുകൾ ഉൾപ്പെടുന്ന ഇന്ത്യൻ പി.സി വിപണി ഈ വർഷത്തിന്റെ ആദ്യ പാദമായ ജനുവരി-മാർച്ചിൽ 58 ലക്ഷം യൂനിറ്റാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 53 ലക്ഷമായിരുന്നു വിൽപന. ഈ വർഷം നോട്ട്ബുക്കുകൾ 34 ലക്ഷവും ഡെസ്ക്ടോപ്പുകൾ 8.88 ലക്ഷവും ടാബ് ലെറ്റുകൾ 16 ലക്ഷവുമാണ് വിറ്റത്. 15 ലക്ഷം യൂനിറ്റ് വിറ്റ എച്ച്.പി ആണ് ഒന്നാമത്. 11 ലക്ഷം വിൽപനയുമായി ലെനോവോ ആണ് രണ്ടാമത്. ആറുലക്ഷം യൂനിറ്റുമായി ഡെല്ലിനെ പിന്തള്ളി ഏസർ ആദ്യമായി മൂന്നാമതെത്തി. ഡെൽ 5.80 ലക്ഷം യൂനിറ്റുമായി നാലാമതും ഇന്ത്യൻ പി.സി വിപണിയിൽ രണ്ടാമങ്കത്തിന് ഇറങ്ങിയ സാംസങ് 4.33 ലക്ഷം യൂനിറ്റുമായി അഞ്ചാംസ്ഥാനത്തുമാണ്.
എന്നാൽ, വിതരണ തടസ്സങ്ങൾ കാരണം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഈ വർഷത്തിന്റെ ആദ്യപാദത്തിൽ രണ്ടുശതമാനം വളർച്ച മാത്രമാണ് നേടിയതെന്ന് കനാലിസിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 3.71 കോടി യൂനിറ്റ് വിറ്റിടത്ത് ഇക്കുറി 3.8 കോടി എണ്ണമാണ് വിറ്റത്. ചൈനീസ് ആധിപത്യമാണ് സ്മാർട്ട് ഫോൺ വിപണിയിൽ. രണ്ടാംസ്ഥാനത്തുള്ള സാംസങ് മാത്രമാണ് ചൈനീസ് അല്ലാത്ത കമ്പനി. 80 ലക്ഷം യൂനിറ്റ് വിൽപനയോടെ 25 ശതമാനം വിപണി വിഹിതവുമായി ഷവോമി ആണ് ഒന്നാമത്. 69 ലക്ഷവുമായി സാംസങ്, 60 ലക്ഷവുമായി റിയൽമി എന്നിവയാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിൽ. 57 ലക്ഷവുമായി വിവോ നാലാമതും 46 ലക്ഷവുമായി ഒപ്പോ അഞ്ചാമതുമുണ്ട്.
അതേസമയം, ആഗോളതലത്തിൽ 7.37 കോടി യൂനിറ്റ് വിൽപനയുമായി സാംസങ്ങാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാംസ്ഥാനത്ത്. ആഗോള വിപണിയുടെ 24 ശതമാനമാണ് കൊറിയൻ കമ്പനിയുടെ കൈയിലുള്ളത്. 5.65 കോടി യൂനിറ്റുമായി (18 ശതമാനം വിപണി വിഹിതം) ആപ്പിൾ, 3.92 കോടി എണ്ണവുമായി ഷവോമി, 2.90 കോടിയുമായി ഒപ്പോ, 2.51 കോടിയുമായി വിവോ എന്നിവയാണ് രണ്ട്, മൂന്ന് നാല്, അഞ്ച് സ്ഥാനങ്ങളിൽ.
സ്മാർട്ട്ബാൻഡിന് ആവശ്യക്കാർ കുറയുമ്പോൾ ആഗോള സ്മാർട്ട് വാച്ചിന് വിൽപന കൂടുകയാണ്. ആദ്യപാദത്തിൽ ആഗോളതലത്തിൽ 4.17 കോടി സ്മാർട്ട്ബാൻഡുകളും സ്മാർട്ട് വാച്ചുകളുമാണ് വിറ്റഴിച്ചത്. ഇതിൽ 3.20 കോടിയും സ്മാർട്ട് വാച്ചുകളാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 15 ശതമാനമാണ് വളർച്ച. 2020 നാലാംപാദത്തിന് ശേഷം തുടർച്ചയായ തകർച്ച നേരിടുന്ന സ്മാർട്ട്ബാൻഡ് വിൽപന ഇത്തവണ 37 ശതമാനമാണ് ഇടിഞ്ഞത്. 92 ലക്ഷം സ്മാർട്ട് വാച്ച് യൂനിറ്റുകളുമായി ആപ്പിളാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.