ഐഫോൺ 16 നിരോധിച്ച് ഇന്തോനേഷ്യ; ഉപയോഗം നിയമവിരുദ്ധമെന്ന് ഉത്തരവ്
text_fieldsആപ്പിളിന്റെ ഐഫോൺ 16യുടെ വിൽപനയും വാങ്ങലും നിരോധിച്ച് ഇന്തോനേഷ്യ. വ്യവസായ മന്ത്രി അഗുസ് ഗുമിവാങ് കാർതാസാസ്മിതയാണ് ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്ത് ഐഫോണിന്റെ മോഡൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഐഫോൺ 16 കൊണ്ട് വന്ന് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
രാജ്യത്ത് വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തുന്നതിൽ ആപ്പിൾ പരാജയപ്പെട്ടതോടെയാണ് നിരോധനവുമായി ഇന്തോനേഷ്യ രംഗത്തെത്തിയത്. 1.71 ട്രില്യൺ ഇന്തോനേഷ്യൻ റുപ്പിയ രാജ്യത്ത് നിക്ഷേപിക്കുമെന്നായിരുന്നു ആപ്പിൾ അറിയിച്ചത്. എന്നാൽ, 1.48 ട്രില്യൺ റുപ്പിയ മാത്രമാണ് ഇതുവരെ നിക്ഷേപിച്ചത്. 230 ബില്യൺ റുപ്പിയയുടെ കുറവ് നിക്ഷേപത്തിൽ ഉണ്ടായി.
നേരത്തെ ടി.കെ.ഡി.എൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആപ്പിൾ ഐഫോൺ 16യുടെ വിൽപന തൽക്കാലത്തേക്ക് നിർത്തണമെന്ന് ഇന്തോനേഷ്യൻ വ്യവസായ മന്ത്രി വ്യക്തമാക്കിയിരുന്നു. 40 ശതമാനം പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കമ്പനിക്കൾക്കാണ് ടി.കെ.ഡി.എൻ സർട്ടിഫിക്കറ്റ് നൽകുന്നത്.
സെപ്തംബർ 20ാം തീയതിയാണ് ആപ്പിൾ ഐഫോൺ 16 പുറത്തിറക്കിയത്. എന്നാൽ, മറ്റ് രാജ്യങ്ങളിൽ ഇതിന് പിന്നാലെ തന്നെ ഐഫോൺ 16 വിൽപനക്കെത്തിയിരുന്നുവെങ്കിലും ആപ്പിളിന്റെ ഒരു ഉൽപന്നവും ഇന്തോനേഷ്യയിൽ എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.