ആഘോഷമായി വിക്രാന്ത് കമീഷനിങ്ങ്; ആദ്യമിറങ്ങുക മിഗ്-29 കെ വിമാനം
text_fieldsകൊച്ചി: ഓണാഘോഷത്തിമിർപ്പിലലിഞ്ഞ കേരളത്തിനും കൊച്ചിക്കും ആഘോഷമായി ഐ.എൻ.എസ് വിക്രാന്തിന്‍റെ കമീഷനിങ്ങ്. 17 വർഷമായി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ഈ വിമാനവാഹിനിക്കപ്പലിന്‍റെ ഓരോ ഘട്ടപുരോഗതിയും. അതിന്‍റെ കമീഷനിങ്ങ് സ്വപ്നം കണ്ടിരുന്നു മലയാളികൾ. അതുകൊണ്ട് തന്നെ ആവേശകരമായിരുന്നു കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിലെത്തിയ ജനക്കൂട്ടം.
നാവികസേനയിലെയും കപ്പല്‍ശാലയിലെയും ഉദ്യോഗസ്ഥരും കുടുംബവും വിദ്യാർഥികളും പൊതുജനങ്ങളും സുരക്ഷ ഉദ്യോഗസ്ഥർ നിശ്ചയിച്ച സമയത്തിന് തന്നെയെത്തി. നാവികസേനയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ളവരും ചടങ്ങിന് എത്തിയിരുന്നു. കപ്പൽശാലയിൽ നിന്നും നാവിക സേനയിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരും കുടുംബാംഗങ്ങള്‍ക്കൊപ്പം തദ്ദേശീയമായി നിര്‍മിച്ചെടുത്ത ആദ്യ വിമാനവാഹിനിക്കപ്പലിന്റെ കമീഷനിങ് ചടങ്ങിനെത്തി. ചടങ്ങുകള്‍ക്ക് ശേഷം ഏറിയപങ്കും കപ്പലിന്റെ മുകളിലെ ഡെക്കിലെത്തി ചിത്രങ്ങളെടുക്കുകയും നിർമാണഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി കപ്പലിലെ ഡെക്കിൽ പതാക ഉയർത്തിയശേഷം ഹെലികോപ്ടറുകളിലും യുദ്ധവിമാനങ്ങളിലുമായി സൈനികർ ആകാശത്തിലൂടെ ഐ.എൻ.എസ് വിക്രാന്തിന് ആദരവ് നൽകിയിരുന്നു. ആദ്യമെത്തിയത് പുതിയ നാവികസേന പതാകയുമായി മൂന്ന് ചേതക് ഹെലികോപ്ടറുകളായിരുന്നു.
ആദ്യമിറങ്ങുക മിഗ്-29 കെ വിമാനം
കൊച്ചി: കമീഷൻ ചെയ്‌ത ഐ.എൻ.എസ് വിക്രാന്തിൽ ആദ്യം പറന്നിറങ്ങുക റഷ്യൻ നിർമിത മിഗ്--29 കെ യുദ്ധവിമാനം. നാവികസേനക്കായി പ്രത്യേകം രൂപകൽപന ചെയ്‌ത വിമാനമാണിത്.
കപ്പലിൽനിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും പറന്നിറങ്ങുന്നതും ഇന്ധനം നിറക്കുന്നതും അടക്കമുള്ളവ നാവികസേന പരീക്ഷണ വിധേയമാക്കും. നാവികസേനയിലെ വൈമാനിക പരിശീലകരാണ് ഈ ഘട്ടത്തില്‍ വിമാനങ്ങള്‍ പറത്തുക. സീക്കിങ് ഹെലികോപ്ടറുകളും അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്ടറും ഇറക്കി വിക്രാന്തിൽ നേരത്തേ പരീക്ഷണം നടത്തിയിരുന്നു.
അന്തിമഘട്ട പരീക്ഷണങ്ങൾക്കായി വിക്രാന്ത് ഗോവയിലെ ഐ.എൻ.എസ് ഹാൻസ നേവൽ എയർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.
പശ്ചിമ നാവിക കമാൻഡിനുകീഴിൽ ഒരുവർഷത്തോളം യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു പരീക്ഷണങ്ങളായിരിക്കും നടത്തുക. അടുത്തവർഷം അവസാനത്തോടെ വിക്രാന്ത് പൂർണമായും ഉപയോഗിക്കാനാകുമെന്നാണ് നേവി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.