Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഡീപ്ഫേക്ക് പോൺ’...

‘ഡീപ്ഫേക്ക് പോൺ’ പ്രതിസന്ധിയിൽ വലഞ്ഞ് കൊറിയൻ സ്കൂളുകൾ

text_fields
bookmark_border
‘ഡീപ്ഫേക്ക് പോൺ’ പ്രതിസന്ധിയിൽ വലഞ്ഞ്   കൊറിയൻ സ്കൂളുകൾ
cancel

സിയോൾ: ദക്ഷിണ കൊറിയൻ ഭരണകൂട​ത്തിനടക്കം തലവേദനയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഡീപ് ഫേക്ക് പോൺ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച അജ്ഞാത വ്യക്തിയിൽനിന്ന് യൂനിവേഴ്സിറ്റി വിദ്യാർഥിയായ പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ടെലിഗ്രാം സന്ദേശം വന്നു. നിങ്ങളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും ചോർന്നിട്ടുണ്ടെന്നും അതെക്കുറിച്ച് കൂടുതൽ പറയാനുണ്ടെന്നും ആയിരുന്നു അത്. സന്ദേശം വായിക്കാൻ അവൾ ചാറ്റ്റൂമിൽ പ്രവേശിച്ചപ്പോൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ ലഭിച്ചു. അതേ ഫോട്ടോ ഉപയോഗിച്ചുള്ള രണ്ടാമത്തെ ചിത്രം ഇതിന് പിന്നാലെ വന്നു. അത് നഗ്നവും വ്യാജവുമായിരുന്നു. ഭയന്നുവിറച്ച അവൾക്ക് പ്രതികരിക്കാനായില്ല. പക്ഷേ കൂടുതൽ ചിത്രങ്ങൾ വന്നുകൊണ്ടിരുന്നു. അവയിലെല്ലാം അവളുടെ മുഖം അത്യാധുനിക ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു ശരീരവുമായി ബന്ധിപ്പിച്ചിരുന്നു. പരിഭ്രാന്തയായെന്നും ഒറ്റപ്പെട്ടതായി തോന്നിയെന്നും പെൺകുട്ടി പറയു​ന്നു. ത​ന്‍റെ ഡീപ്ഫേക്കുകൾ എത്രപേർ കണ്ടിട്ടുണ്ടാകുമെന്ന ആശങ്കയിലാണവൾ.

എന്നാൽ, ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഏതാനും ദിവസം മുമ്പാണ് ദക്ഷിണ കൊറിയൻ പത്രപ്രവർത്തകയായ കോ നരിൻ ത​ന്‍റെ കരിയറിലെ ഏറ്റവും വലിയ സ്‌കൂപ്പായി മാറുമെന്ന് കരുതുന്ന അന്വേഷണ റി​പ്പോർട്ട് പ്രസിദ്ധീകരിച്ചത്. ദക്ഷിണ കൊറിയയെ ഞെട്ടിച്ചിരിക്കുകയാണ് ഹാൻക്യോറെ ദിനപത്രത്തിലെ കോയുടെ റിപ്പോർട്ടെന്ന് ബി.ബി.സി റി​പ്പോർട്ട് ചെയ്തു.

സോഷ്യൽ മീഡിയയിലേക്കു തിരിച്ചുവിട്ട അന്വേഷണത്തിനിടെ സന്ദേശമയക്കൽ ആപ്ലിക്കേഷനായ ടെലിഗ്രാമിൽ ഡസൻ കണക്കിന് ചാറ്റ് ഗ്രൂപ്പുകൾ കോ നരിൻ കണ്ടെത്തി. അവിടെ ഉപയോക്താക്കൾ അവർക്കറിയാവുന്ന സ്ത്രീകളുടെ ഫോട്ടോകൾ പങ്കിടുകയും AI സോഫ്റ്റ്വെയർ ഉപയോഗിച്ച് അവയെ നിമിഷങ്ങൾക്കുള്ളിൽ വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ചെയ്തു. ഓരോ മിനിറ്റിലും ആളുകൾ അവർക്കറിയാവുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും അവരെ ഡീപ്ഫേക്കുകളാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയായിരുന്നുവെന്ന് കോ പങ്കുവെച്ചു.

ഈ ഗ്രൂപ്പുകൾ കേവലം യൂനിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് അവർ കണ്ടെത്തി. ഹൈസ്കൂളുകൾക്കും മിഡിൽ സ്കൂളുകൾക്കുമായി പ്രത്യേകം മുറികൾ ഉണ്ടായിരുന്നു. വ്യവസ്ഥാപിതവും സംഘടിതവുമായ പ്രക്രിയയായി ഡീപ് ഫേക്ക് പോണുകൾ മാറിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പേര്, വയസ്സ്, അവർ താമസിക്കുന്ന പ്രദേശം എന്നിവക്കൊപ്പം ഒരാളുടെ നാലിൽ കൂടുതൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ഒരാൾ അംഗങ്ങളോട് ആവശ്യപ്പെടുന്നതായി കോയെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ‘ഇത്ര ചിട്ടയായ പ്രക്രിയയിൽ ഞാൻ ഞെട്ടിപ്പോയി. കണ്ടെത്തിയ ഏറ്റവും ഭയാനകമായ കാര്യം 2,000ത്തിലധികം അംഗങ്ങളുള്ള ഒരു സ്കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മാത്രമുള്ള ഒരു ഗ്രൂപ്പാണ്.

കോയുടെ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ സ്ത്രീകയവകാശ പ്രവർത്തകർ ടെലിഗ്രാം തിരയാൻ തുടങ്ങി. 500ലധികം സ്‌കൂളുകളും സർവകലാശാലകളും ലക്ഷ്യമിട്ടതായി കണ്ടെത്തി. യഥാർഥ എണ്ണം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കുറ്റവാളിയെന്ന് സംശയിക്കുന്നവരിൽ വലിയൊരു പങ്കും കൗമാരക്കാരാണ്.

ചൂഷണം ചെയ്യപ്പെടുമെന്ന ഭയത്താൽ രാജ്യത്തുടനീളമുള്ള നിരവധി സ്ത്രീകളും കൗമാരക്കാരും തങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയോ അവരുടെ അക്കൗണ്ടുകൾ മൊത്തത്തിൽ നിർജ്ജീവമാക്കുകയോ ചെയ്തു. ‘ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തപ്പോൾ ഞങ്ങളുടെ പെരുമാറ്റവും സോഷ്യൽ മീഡിയയുടെ ഉപയോഗവും സെൻസർ ചെയ്യേണ്ടിവരുന്നതിൽ നിരാശരും രോഷാകുലരുമാണെന്ന്’ ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഷ്ട്രീയ നേതാക്കളും പോലീസും വാഗ്ദാനം ചെയ്തു. കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ വിതരണം ചെയ്യുന്നതിൽ ടെലിഗ്രാമി​ന്‍റെ പങ്കിനെക്കുറിച്ച് സിയോൾ നാഷനൽ പൊലീസ് ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു.

ആപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് അടുത്തിടെ ടെലിഗ്രാമി​ന്‍റെ റഷ്യൻ സ്ഥാപകനെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ‘അനധികൃതവും അശ്ലീലവും ഉൾപ്പെടെ ഹാനികരമായ ഉള്ളടക്കത്തെ അതി​ന്‍റെ പ്ലാറ്റ്‌ഫോമിൽ സജീവമായി ചെറുക്കുന്നുവെന്നായിരുന്നു ടെലിഗ്രാം മാധ്യമ പ്രസ്താവനയിൽ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaArtificial IntelligenceDeepfakes
News Summary - Inside the deepfake porn crisis engulfing Korean schools
Next Story