ഐഫോൺ യൂസറാണോ..? ഇൻസ്റ്റഗ്രാം എല്ലാം കാണുന്നുണ്ട്..; മുൻ ഗൂഗിൾ എഞ്ചിനീയറുടെ കണ്ടെത്തലിങ്ങനെ
text_fieldsഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് മുൻ ഗൂഗിൾ എഞ്ചിനീയറായ ഫെലിക്സ് ക്രൗസ്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അവരുടെ ഐ.ഒ.എസ് ആപ്പുകളിലെ ഇൻ-ആപ്പ് ബ്രൗസറിന്റെ സഹായത്തോടെ യൂസർമാരെ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം നടത്തിയ റിസേർച്ചിൽ കണ്ടെത്തിയത്.
വില്ലൻ - ഇൻ-ആപ്പ് ബ്രൗസർ
സഫാരി ബ്രൗസർ, ഗൂഗിൾ ക്രോം തുടങ്ങിയ ബ്രൗസർ ആപ്പുകളുടെ സഹായമില്ലാതെ, ലിങ്കുകൾ തുറക്കുന്നതിനും അവയിലെ ഉള്ളടക്കങ്ങൾ കാണുന്നതിനുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇൻ-ആപ്പ് ബ്രൗസർ സംവിധാനമുണ്ട്. അതുപയോഗിച്ച്, ഉപയോക്താക്കളുടെ വെബ് പ്രവർത്തനങ്ങൾ മെറ്റയ്ക്ക് ചോർത്താമെന്നാണ് മുൻ ഗൂഗിൾ എഞ്ചിനീയർ പറയുന്നത്.
ഐ.ഒ.എസിലെ മറ്റ് ആപ്പുകളെല്ലാം തന്നെ വെബ് സൈറ്റുകൾ തുറക്കുന്നതിനായി സഫാരിയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ, വലിയ പരിശ്രമത്തിലൂടെ ആപ്പിനുള്ളിൽ തന്നെ ബ്രൗസർ നിർമിക്കണമെങ്കിൽ മെറ്റ പോലുള്ള കമ്പനികൾക്ക് വ്യക്തമായ കാരണങ്ങളുണ്ടാകാമെന്നും ഫെലിക്സ് ചൂണ്ടിക്കാട്ടി.
യൂസർമാരുടെ ടെക്‌സ്‌റ്റ് തെരഞ്ഞെടുപ്പുകൾ, വിലാസങ്ങൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വരെ അത്തരത്തിൽ ട്രാക്ക് ചെയ്യാൻ രണ്ട് സോഷ്യൽ മീഡിയ ഭീമൻമാർക്കും സാധിക്കും. ഏറ്റവും സുരക്ഷിതമാണെന്നും ആരാലും ട്രാക്ക് ചെയ്യപ്പെടില്ലെന്നും വീരവാദം മുഴക്കാറുള്ള ആപ്പിളിന്റെ മൊബൈൽ ഓപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് ഉപയോഗിക്കുന്നവരും മെറ്റയുടെ നിരീക്ഷണ വലയത്തിലാണെന്നാണ് ഫെലിക്സ് പറഞ്ഞുവെക്കുന്നത്.
വെബ് കിറ്റിനെ (WebKit) അടിസ്ഥാനമാക്കി ആപ്പിനുള്ളിൽ സ്വന്തമായി നിർമിച്ച ബ്രൗസറിലൂടെ ഇൻസ്റ്റയും ഫേസ്ബുക്കും 'മെറ്റ പിക്സൽ (Meta Pixel)' എന്ന പേരിലുള്ള ഒരു ട്രാക്കിംഗ് ജാവ സ്ക്രിപ്റ്റ് (JavaScript) കോഡ് എല്ലാ ലിങ്കുകളിലും വെബ്‌സൈറ്റുകളിലും കടത്തിവിടുന്നു. ആ കോഡ് ഉപയോഗിച്ച്, ഉപയോക്താക്കളുടെ സമ്മതമില്ലാതെ, അവരുടെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ മെറ്റയ്ക്ക് കഴിയുന്നതായി ഫെലിക്സ് ക്രൗസ് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.