‘ഇക്കാര്യം ലഭിക്കാൻ ഇൻസ്റ്റഗ്രാമിന് ഇനി പണം നൽകേണ്ടിവരും’; സബ്സ്ക്രിപ്ഷൻ പ്ലാൻ’ വരുന്നതായി റിപ്പോർട്ടുകൾ
text_fieldsഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കൊണ്ടുവന്ന ‘ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ’ വലിയ വിവാദമായി മാറിയിരുന്നു. വെരിഫൈഡ് അല്ലെങ്കിൽ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടാണെന്ന് സൂചിപ്പിക്കാൻ ഉപയോക്താക്കൾക്ക് അവരുടെ പേരിന് അടുത്തായി നൽകിവരുന്ന 'ബ്ലൂ ടിക്ക്' വെരിഫിക്കേഷൻ ബാഡ്ജ് പണം നൽകിയാൽ ആർക്കും ലഭിക്കുമെന്നതായിരുന്നു അതിന്റെ പ്രത്യേകത. മുമ്പ് സെലിബ്രിറ്റികൾക്കും പത്രപ്രവർത്തകർക്കും തിരഞ്ഞെടുത്ത വ്യക്തികൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായിരുന്നു ബ്ലൂ വെരിഫിക്കേഷൻ മാർക്ക്. എന്നാൽ, നേരത്തെ ബ്ലൂ ടിക്ക് ലഭിച്ചവർക്ക് അത് നിലനിർത്താൻ പണം നൽകേണ്ടിവരുമെന്ന് ട്വിറ്റർ അറിയിച്ചതോടെ, പലരും പ്രതിഷേധിച്ച് രംഗത്തുവരികയുണ്ടായി.
എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാമും ട്വിറ്ററിന്റെ പാത പിൻതുടരാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഉപയോക്താക്കൾക്ക് പണമടച്ചുള്ള വെരിഫിക്കേഷൻ നൽകാനുള്ള സാധ്യത ഇൻസ്റ്റാഗ്രാം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ഡെവലപ്പറും റിവേഴ്‌സ് എഞ്ചിനീയറുമായ അലസ്സാൻഡ്രോ പാലൂസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ട ഇൻസ്റ്റാഗ്രാമിന്റെ സോഴ്സ് കോഡ് അനുസരിച്ച്, അവർ "പെയ്ഡ് ബ്ലൂ ബാഡ്ജിലും" ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രൊഡക്ടിലും പ്രവർത്തിച്ചുവരികയാണ്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ ബിൽഡിലും ഇതേ റഫറൻസ് ദൃശ്യമാണ്.
ഇൻസ്റ്റഗ്രാമിൽ നിന്ന് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, മാർക്ക് സക്കർബർഗും അദ്ദേഹത്തിന്റെ സംഘവും മെറ്റാവേർസിന്റെ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്തുകയും വരുമാനത്തിനായി ബദൽ സ്രോതസ്സുകൾ തേടുകയും ചെയ്യുന്നതിനാൽ പുതിയ ‘പെയ്ഡ് വെരിഫിക്കേഷൻ’ വന്നാൽ, അത്ഭുതപ്പെടാനില്ല.
കൂടാതെ, ആപ്പ് ട്രാക്കിങ്ങുമായി ബന്ധപ്പെട്ട ആപ്പിളിന്റെ പുതിയ നിയമങ്ങൾ, മെറ്റയുടെ പരസ്യ വരുമാനത്തിലും കാര്യമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 10 ബില്യൺ ഡോളറിന്റെ നഷട്മാണ് മാർക്ക് സക്കർബർഗിന്റെ കമ്പനി നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.