'ഇനി അതനുവദിക്കില്ല, തൽക്ഷണം പുറത്താക്കും'; യൂസർമാർക്ക് മുന്നറിയിപ്പുമായി ഇൻസ്റ്റഗ്രാം
text_fieldsതങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ മറ്റുള്ളവർക്ക് നിരന്തരം വിദ്വേഷം കലർന്നതും മോശവുമായ സന്ദേശങ്ങളയക്കുന്നവരെ തൽക്ഷണം വിലക്കാനുള്ള നീക്കത്തിനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. പ്രൈവറ്റ് ഡയറക്ട് മെസ്സേജുകളിൽ (DMs) വിദ്വേഷ സന്ദേശങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം നിലപാട് കടുപ്പിക്കുന്നത്. യുകെയിലെ ഫുട്ബാൾ താരങ്ങളെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ വംശീയ അധിക്ഷേപങ്ങൾ ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.
ഇനിമുതൽ സ്വകാര്യ സന്ദേശങ്ങളയക്കുേമ്പാൾ ഇൻസ്റ്റയുടെ നിയമങ്ങൾ ആരെങ്കിലും ലംഘിച്ചാൽ, അവരെ നിശ്ചിത കാലത്തേക്ക് മെസ്സേജുകൾ അയക്കുന്നതിൽ നിന്ന് വിലക്കിയേക്കും. ''ആരെങ്കിലുംനിരന്തരം മോശം സന്ദേശങ്ങൾ അയക്കുകയാണെങ്കിൽ അവരുടെ അക്കൗണ്ട് തന്നെ ഡിസേബ്ൾ ചെയ്യും. അത് മറികടക്കാൻ പുതിയ അക്കൗണ്ട് തുടങ്ങിയാലും സമാന നടപടി സ്വീകരിക്കും. വിദ്വേഷം പടർത്താൻ മാത്രമായി നിർമിച്ച അക്കൗണ്ടുകൾക്കും അതേ വിധിയായിരിക്കും. അത്തരം പെരുമാറ്റം ഇവിടെ വേണ്ട'' -പുറത്തിറക്കിയ പ്രസ്താവനയിൽ ഇൻസ്റ്റഗ്രാം ചൂണ്ടിക്കാട്ടി.
തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്ക് അവരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള പല സംവിധാനങ്ങളും വിവിധ രാജ്യങ്ങളിൽ നൽകിത്തുടങ്ങിയതായി ഇൻസ്റ്റ അറിയിച്ചു. വൈകാതെ എല്ലാ രാജ്യക്കാർക്കും അത് ലഭ്യമാക്കും. ''അറിയാത്ത ആളുകൾ ടാഗ് ചെയ്യുന്നതും മെൻഷൻ ചെയ്യുന്നതും ഒഴിവാക്കാനുള്ള സംവിധാനവും അനാവശ്യമായി സന്ദേശങ്ങളയക്കുന്നവരെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും അതിൽ പെടുമെന്നും അവർ അറിയിച്ചു.
ഡയറക്ട് മെസ്സേജ് (ഡിഎം) സേവനം സ്വകാര്യ സന്ദേശങ്ങൾക്കുള്ളതായതിനാൽ ഇൻസ്റ്റഗ്രാം വിദ്വേഷ ഉള്ളടക്കം കണ്ടെത്താൻ പൊതുവേ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായിരിക്കില്ല അവിടെ പ്രയോഗിക്കുക. കഴിഞ്ഞ ജൂലൈ, സെപ്തംബർ മാസങ്ങളിൽ മാത്രം 6.5 മില്യൺ വിദ്വേഷ ഉള്ളടക്കങ്ങളാണ് കമ്പനി അത്തരത്തിൽ കണ്ടെത്തിയത്. അതിൽ സ്വകാര്യ സന്ദേശങ്ങളും പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.