ഐഫോൺ 16-ന് ‘മെയ്ഡ് ഇൻ ഇന്ത്യ’ ബാറ്ററി വേണമെന്ന് ആപ്പിൾ
text_fieldsവരാനിരിക്കുന്ന ഐഫോൺ 16-ന് വേണ്ടിയുള്ള ബാറ്ററികൾ ഇന്ത്യൻ ഫാക്ടറികളിൽ നിർമിക്കാനുള്ള ആഗ്രഹമറിയിച്ച് ആപ്പിൾ. ഐഫോൺ ഘടക വിതരണക്കാരോട് ആപ്പിൾ ഇക്കാര്യം ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റി, വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ഇന്ത്യയിലെ നിർമ്മാണ ശേഷി വർധിപ്പിക്കാനുമുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
ഇന്ത്യയിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ ചൈനയിലെ ഡെസെ അടക്കമുള്ള ബാറ്ററി നിർമ്മാതാക്കളെ ആപ്പിൾ പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ആപ്പിളിന്റെ തായ്‌വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്‌നോളജിയോടും, അവരുടെ ഉൽപ്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാൻ അമേരിക്കൻ ടെക് ഭീമൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജാപ്പനീസ് ഇലക്‌ട്രോണിക് പാർട്‌സ് നിർമ്മാതാക്കളായ ടിഡികെ കോർപ്പറേഷൻ ആപ്പിൾ ഐഫോണുകൾക്കായി ഇന്ത്യയിൽ ലിഥിയം അയൺ (ലി-അയൺ) ബാറ്ററി സെല്ലുകൾ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഡിസംബർ 4 ന് പറഞ്ഞിരുന്നു.
നിർമ്മാണത്തിനും വിതരണ ശൃംഖലകൾക്കുമായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ സജീവമായി പ്രവർത്തിച്ചുവരികയാണ്. വാഷിംഗ്ടണിനും ബീജിങ്ങിനുമിടയിലുള്ള ഉടലെടുത്ത വ്യാപാര പിരിമുറുക്കങ്ങൾ കാരണമാണ് കമ്പനിയുടെ ഉൽപ്പാദന ലൊക്കേഷനുകൾ വിപുലീകരിക്കാനും മറ്റ് പ്രദേശങ്ങളിലെ വിതരണക്കാരുമായി ഇടപഴകാനുമുള്ള ശ്രമങ്ങൾ ആപ്പിൾ സജീവമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.