₹10,000 കോടി: ഐഫോൺ കയറ്റുമതിയിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ
text_fieldsഈ വർഷം മെയ് മാസത്തിൽ ആപ്പിൾ ഐഫോൺ കയറ്റുമതിയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ ഐഫോൺ കയറ്റുമതി 10,000 കോടി രൂപയിൽ എത്തിയതായി ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാവസായിക കണക്കുകൾ പ്രകാരം ഈ മാസം രാജ്യത്ത് നിന്നുള്ള സ്മാർട്ട്ഫോണുകളുടെ മൊത്തം കയറ്റുമതി 12,000 കോടി രൂപയായി.
ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 20,000 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,066 കോടി രൂപയായിരുന്നു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) പ്രകാരം രണ്ട് മടങ്ങാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക ഉത്പാദനം വർദ്ധിപ്പിച്ചതോടെ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി ഏകദേശം നാലിരട്ടി ഉയർന്ന് അഞ്ച് ബില്യൺ ഡോളറായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ 80 ശതമാനവും ആപ്പിളിന്റെ സംഭാവനയാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ബാക്കി 20 ശതമാനം സാംസങും മറ്റ് ചില പ്രാദേശിക ബ്രാൻഡുകളും പങ്കിട്ടു.
കൂപ്പർട്ടെിനോ ആസ്ഥാനമായ ടെക് ഭീമൻ അതിന്റെ വിതരണ ശൃംഖലകൾ ചൈനയ്ക്ക് പുറത്തേക്ക് പൂർണ്ണമായും മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഉത്പാദനം വർധിപ്പിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ച്, പ്രീമിയം സ്മാർട്ട് ഉപകരണങ്ങളുടെ പുതിയ സാധ്യതയുള്ള കേന്ദ്രമാക്കി മാറ്റാനാണ് ആപ്പിളിന്റെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.