ഒടുവിൽ ആപ്പിൾ സമ്മതിച്ചു; ഐഫോണിലേക്ക് യു.എസ്.ബി ടൈപ്-സി പോർട്ട്
text_fieldsഒടുവിൽ ആപ്പിൾ കടുംപിടുത്തം അവസാനിപ്പിക്കുന്നു. ഐഫോണുകളിൽ യു.എസ്.ബി ടൈപ്-സി ചാർജിങ് പോർട്ട് കൊണ്ടുവരുമെന്ന് ആപ്പിൾ തന്നെ അറിയിച്ചിരിക്കുകയാണ്. 'ദ വാൾസ്ട്രീറ്റ് ജേർണ'ലിന് നൽകിയ അഭിമുഖത്തിൽ ആപ്പിൾ മാർകറ്റിങ് തലവനായ ഗ്രെഗ് ജോസ്‍വിയാകാണ് ഐഫോണുകളിലെ ലൈറ്റ്നിങ് പോർട്ടുകൾ ഒഴിവാക്കി പകരം ടൈപ്-സി എത്തിക്കുമെന്ന് പറഞ്ഞത്. ഈ നീക്കത്തിൽ തന്റെ ടീമിലെ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ പോലും അത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഭിമുഖത്തിൽ സോഫ്‌റ്റ്‌വെയർ വിഭാഗം വൈസ് പ്രസിഡന്റായ ക്രെയ്ഗ് ഫെഡറിഗിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റം എപ്പോൾ സംഭവിക്കുമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ യുറോപ്യൻ യൂണിയൻ എല്ലാ മൊബൈൽ ഫോണുകൾക്കും ഒരൊറ്റ ചാർജിങ് പോർട്ടെന്ന നയത്തിന് അംഗീകാരം നൽകിയിരുന്നു. അതിനെതിരെ ആപ്പിൾ രംഗത്തുവന്നിരുന്നെങ്കിലും ഇ.യു വകവെച്ചിരുന്നില്ല. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, കാമറ എന്നിവക്കെല്ലാം 2024 മുതൽ ഒരു ചാർജിങ് പോർട്ട് മാത്രം മതിയെന്നാണ് ഉത്തരവ്. ടൈപ്പ് സി പോർട്ട് ഉപയോഗിക്കണമെന്നും അവർ നിർദേശം നൽകിയിരുന്നു.
നിയമനിർമ്മാതാക്കളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും തേർഡ് പാർട്ടി ഹാർഡ്‌വെയർ സ്വീകരിക്കുന്നതിനുപകരം സ്വന്തം വഴിക്ക് പോകാനും തങ്ങളുടെ എഞ്ചിനീയർമാരിൽ വിശ്വാസം അർപ്പിക്കാനുമുള്ള ആപ്പിളിന്റെ സമർപ്പണ ബോധത്തെ കുറിച്ച് കമ്പനിയുടെ എക്സിക്യൂട്ടീവ് വാചാലനായി.
പുതിയ കേബിളുകൾ വാങ്ങാനും പഴയവ ഉപേക്ഷിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനാൽ യുഎസ്ബി-സിയിലേക്ക് മാറുന്നത് ധാരാളം ഇ-മാലിന്യം സൃഷ്ടിക്കുമെന്നും ചാർജിങ് ബ്രിക്കുകളിൽ നിന്ന് കേബിളുകൾ വേർപ്പെടുത്താവുന്ന സംവിധാനമുള്ള ഇക്കാലത്ത് യഥാർഥത്തിൽ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നും ആപ്പിൾ മാർക്കറ്റിങ് ഹെഡ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.