‘പ്ലീസ്, താങ്ക് യൂ’ എന്നീ വാക്കുകൾക്ക് ഇത്ര വിലയോ! ഓപൺ എ.ഐക്ക് നഷ്ടം കോടികളെന്ന് സി.ഇ.ഒ
text_fields‘പ്ലീസ്, താങ്ക് യൂ’ എന്നീ വാക്കുകൾ ഉപയോഗിക്കാതെ ഒരു വ്യക്തിയുടെ ഒരു ദിവസം കടന്നുപോകില്ല. അത് മനുഷ്യരോടായാലും ചാറ്റ് ബോട്ടുകളോടായാലും. പ്രത്യേകിച്ച് ചാറ്റ് ബോട്ടുകൾക്ക് പ്രോംപ്റ്റ് നൽകുമ്പോൾ തുടക്കത്തിൽ ‘പ്ലീസ്’ ഉപയോഗിക്കുക സ്വാഭാവികം. ചാറ്റ് ബോട്ട് അതിന് ഉത്തരം നൽകിയാൽ നന്ദി അറിയിക്കുന്നതും നമ്മുടെ മര്യാദയായാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ ഈ പദങ്ങൾ ഉപയോഗിക്കുന്നതിലൂടെ കോടികൾ നഷ്ടമായെന്ന് സാം ആൾട്ട്മാൻ പറയുന്നു. എക്സ് ഉപയോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ചാറ്റ് ജി.പി.ടി മാതൃസ്ഥാപനമായ ഓപൺ എ.ഐ സി.ഇ.ഒ ആയ സാം ആൾട്ട്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾ താങ്ക് യൂ, പ്ലീസ് എന്നിങ്ങനെ പറയുന്നത് കാരണം വൈദ്യുതിയുടെ രൂപത്തിൽ എത്ര നഷ്ടം വന്നിട്ടുണ്ടാകും എന്ന ചോദ്യത്തിന് ദശലക്ഷക്കണക്കിന് ഡോളർ ചെലവായി, നിങ്ങൾക്കറിയില്ല എന്നായിരുന്നു മറുപടി.
എ.ഐ ചാറ്റ് ബോട്ടുകൾക്ക് ഉപയോക്താക്കൾ പ്രോംപ്റ്റ് നൽകുമ്പോൾ, ടെക്സ്റ്റ് പ്രോസസ് ചെയ്ത് അവയുടെ ഉത്തരം നമുക്ക് ലഭിക്കുന്നത് വരെയുള്ള പ്രക്രിയയിൽ ഡേറ്റാ സെന്‍ററുകൾ ധാരാളം ഊർജ്ജം ചെലവഴിക്കുന്നുണ്ട്. ഒരു ഉപയോക്താവ് അവരുടെ പ്രോംപ്റ്റിൽ ഉപയോഗിക്കുന്ന ഓരോ അധിക പദത്തിനും അധിക ഊർജ്ജം ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന മനുഷ്യസമാനമായ ഇടപെടൽ ശൈലിയെ കമ്പനി വിലമതിക്കുന്നുവെന്നും സാം ആൾട്ട്മാൻ പറഞ്ഞു.
പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ഏകദേശം 800 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കളുണ്ട്. ആഗോള ജനസംഖ്യയുടെ ഏകദേശം 10 ശതമാനം വരും. ഗിബ്ലി സ്റ്റൈൽ ഇമേജ് ജനറേറ്ററുകൾ പോലുള്ള വൈറൽ ഉപകരണങ്ങൾ മൂലമാണ് ഈ ദ്രുതഗതിയിലുള്ള വളർച്ച. ഇവ സേവനത്തിന്റെ കമ്പ്യൂട്ടേഷണൽ ഊർജ്ജ ആവശ്യങ്ങൾ വർധിപ്പിക്കുന്നു.
എ.ഐയുമായി ഇടപഴകുമ്പോൾ ബഹുമാന സൂചകമായ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ അവ ഔട്ട്‌പുട്ടുകളിലും പ്രതിഫലിക്കുമെന്നും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും മൈക്രോസോഫ്റ്റ് കോപൈലറ്റിന്‍റെ ഡിസൈൻ ടീം ഡയറക്ടറായ കുർട്ടിസ് ബീവേഴ്‌സും അഭിപ്രായപ്പെട്ടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.