‘നിങ്ങളെല്ലാവരും നിരീക്ഷണത്തിലാണ്, എ.ഐ നമുക്ക് ചുറ്റുമുണ്ട്’: വിദ്യാർത്ഥികളോട് ഐ.എസ്.ആർ.ഒ മേധാവി
text_fieldsഗുവാഹത്തി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അഥവാ നിർമിത ബുദ്ധി നമ്മെ എല്ലായ്‌പ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. അസമിലെ ഒരു സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യന്ത്രങ്ങൾക്ക് ഇപ്പോൾ ആളുകളെ അവരുടെ സുഹൃത്തുക്കളേക്കാൾ നന്നായി അറിയാം. വരും ദിവസങ്ങളിൽ എ.ഐ പല കാര്യങ്ങളും ഭരിക്കാൻ തുടങ്ങുമെന്ന് പ്രഗ്ജ്യോതിഷ്പൂർ സർവ്വകലാശാലയിലെ ഒരു പരിപാടിയിൽ സംസാരിക്കവെ സോമനാഥ് പറഞ്ഞു.
‘‘നിങ്ങളെല്ലാവരും നിരീക്ഷിക്കപ്പെടുന്നുണ്ട്. AI നമുക്ക് ചുറ്റും ഉണ്ട്. നിങ്ങളുടെ കൈയ്യിലുള്ള സ്മാർട്ട്ഫോൺ യഥാർത്ഥത്തിൽ നിങ്ങളെ അൽപാൽപ്പമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഓരോ കീയും യഥാർത്ഥത്തിൽ സിസ്റ്റത്തിലേക്ക് നിങ്ങളുടെ ഒപ്പ് നൽകുകയാണ്. അവർക്കറിയാം നിങ്ങൾ ആരാണെന്നും നിങ്ങളുടെ അഭിരുചികൾ എന്താണെന്നും...എല്ലാം കമ്പ്യൂട്ടറിന് അറിയാം, നിങ്ങൾക്ക് അറിയില്ലായിരിക്കാം, നിങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയില്ലായിരിക്കാം, പക്ഷേ നിങ്ങളുടെ സുഹൃത്തുക്കളേക്കാൾ കമ്പ്യൂട്ടർ സിസ്റ്റത്തിന് നിങ്ങളെ അറിയാം. വരും ദിവസങ്ങളിൽ ഇത് വളരും. AI ഇവിടെ പല കാര്യങ്ങളും ഭരിക്കാൻ തുടങ്ങും," -സോമനാഥ് മുന്നറിയിപ്പ് നൽകുന്നു.
ജിയോ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനായി ബഹിരാകാശത്ത് പരസ്പരം സംവദിക്കാൻ" കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 50 നിരീക്ഷണ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി ബഹിരാകാശ ഏജൻസി രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഐഎസ്ആർഒ മേധാവിയുടെ പ്രസ്താവന വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.