'ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ' ചതിച്ചു; 20 വർഷമായി മുങ്ങി നടന്ന ഇറ്റാലിയൻ ഗ്യാങ്സ്റ്ററിനെ പൊക്കി പൊലീസ്
text_fieldsഇറ്റലിയിലെ കുപ്രസിദ്ധ ഗ്യാങ്സ്റ്ററും പിടികിട്ടാപ്പുള്ളിയുമായ ജിയോഅക്കീനോ ഗാമിനോ സ്‌പെയിനിൽ അറസ്റ്റിലായി. 20 വർഷമായി മുങ്ങി നടക്കുകയായിരുന്ന ഗാമിനോയെ കുടുക്കിയതാകട്ടെ ഗൂഗ്ളിന്റെ സ്ട്രീറ്റ് വ്യൂ എന്ന സേവനവും.
ഇറ്റലിയിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘങ്ങളിൽ ഉൾപ്പെട്ട കുറ്റവാളിയും കൊലക്കേസ് പ്രതിയുമായ ഗാമിനോ, മാഡ്രിഡിനടുത്തുള്ള ഗാലപാഗർ എന്ന പട്ടണത്തിൽ വെച്ചാണ് അറസ്റ്റിലായത്. മാനുവൽ എന്ന് പേര് മാറ്റിയ ഗാമിനോ സ്‌പെയിനിൽ വിവാഹം കഴിച്ച് പാചകക്കാരനായി ജോലി ചെയ്യുകയും ഒപ്പം സ്വന്തമായി പഴം-പച്ചക്കറി കടയും നടത്തിവരികയായിരുന്നു.
കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഗാമിനോ 2002ൽ റോമിലെ ജയിൽചാടി രക്ഷപ്പെടുകയായിരുന്നു. "നിങ്ങൾ എന്നെ എങ്ങനെ കണ്ടെത്തി? 10 വർഷമായി ഞാൻ എന്റെ കുടുംബാംഗങ്ങളെ പോലും വിളിച്ചിട്ടില്ല," -പിടിയിലായ ഗാമിനോ തങ്ങളോട് പറഞ്ഞതായി പൊലീസ് പറയുന്നു.
61 കാരനായ ഗാമിനോയ്‌ക്കായി സിസിലിയൻ പോലീസ് വ്യാപക അന്വേഷണങ്ങളാണ് നടത്തിയത്. 2014-ൽ ഒരു യൂറോപ്യൻ അറസ്റ്റ് വാറണ്ട് തന്നെ പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ സ്‌പെയിനിൽ കണ്ടെത്തുകയും ചെയ്തു, എന്നാൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആയിരുന്നു ഗാമിനോയുടെ കൃത്യമായ ലെക്കേഷൻ കണ്ടെത്താൻ സഹായിച്ചത്.
ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ എങ്ങനെ സഹായിച്ചു...?
ഗൂഗിൾ മാപ്‌സിലൂടെ ആക്‌സസ് ചെയ്യാവുന്ന നാവിഗേഷൻ ടൂൾ, ഗാലപാഗറിലെ 'മാനുസ് ഗാർഡൻ' എന്ന ഫ്രൂട്ട് കടയ്ക്ക് പുറത്ത് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് ആളുകളുടെ ചിത്രം പകർത്തിയിരുന്നു. അതിലൊരാൾക്ക് ഗാമിനോയുമായി സാമ്യമുണ്ടെന്ന് പൊലീസ് മനസിലാക്കി. എന്നാൽ, 'ലാ കൊസീന ഡെ മാനു' (മാനുസ് കിച്ചൺ) എന്ന അടുത്തുള്ള ഒരു റെസ്റ്റോറന്റിന്റെ ലിസ്‌റ്റിങ് കണ്ടപ്പോൾ മാത്രമാണ് അത് സ്ഥിരീകരിച്ചത്.
ഗാമിനോയുടെ കടയും റെസ്റ്റോറന്റും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. മാനുസ് കിച്ചൺ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഷെഫിന്‍റെ വേഷം ധരിച്ചുകൊണ്ടുള്ള സ്വന്തം ചിത്രം ഗാമിനോ പോസ്റ്റ് ചെയ്തിരുന്നു. താടിയുടെ ഇടതുവശത്തെ പാടാണ് അയാളെ തിരിച്ചറിയാൻ സഹായിച്ചത്. കൂടാതെ റെസ്റ്റോറന്റിന്റെ മെനുവിൽ സീന സിസിലിയാന അല്ലെങ്കിൽ സിസിലിയൻ ഡിന്നർ എന്നൊരു വിഭവം ഉണ്ടായിരുന്നതും പൊലീസിനെ സഹായകരമായി.
ഡിസംബർ 17നാണ് ഗാമിനോയെ അറസ്റ്റ് ചെയ്തത്. എന്നാൽ ലാ റിപ്പബ്ലിക്ക ബുധനാഴ്ച റിപ്പോർട്ട് ചെയ്യുന്നത് വരെ അയാളെ പിടികൂടിയതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിച്ചത്തുവന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.