ഫ്ലോപ്പി ഡിസ്കുകൾക്കെതിരെ ‘യുദ്ധം’ ജയിച്ച് ജപ്പാൻ
text_fieldsടോക്യോ: ലോകോത്തര മേന്മയുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെയും കാറുകളുടെയും നിർമാതാക്കളാണ് ജപ്പാൻ. എങ്കിലും പുതിയ സാങ്കേതിക വിദ്യയിൽ ജപ്പാൻ പിന്നോട്ടടിക്കുകയാണ്. രണ്ടാം ലോകയുദ്ധത്തിൽ തകർന്നിട്ടും വൻ തിരിച്ചുവരവ് നടത്തിയ ജപ്പാൻ ഇപ്പോൾ മാറ്റങ്ങളെ അംഗീകരിക്കാൻ മടിക്കുകയാണ്.
ലോകത്തെ മിക്ക രാജ്യങ്ങളും വർഷങ്ങൾക്കുമുമ്പേ മറന്ന ഫ്ലോപ്പി ഡിസ്കുകൾ ജപ്പാൻ ഉപേക്ഷിച്ചത് ഈ വർഷം. കമ്പ്യൂട്ടറിൽനിന്നുള്ള ഡേറ്റ സൂക്ഷിച്ചുവെക്കാനും പങ്കുവെക്കാനും 1971ൽ വികസിപ്പിച്ചതാണ് ഫ്ലോപ്പി ഡിസ്ക്. 1990കളുടെ അവസാനം വരെ ഇത് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം വരെ ജപ്പാനിൽ സർക്കാറിന് രേഖകൾ സമർപ്പിക്കാൻ ഫ്ലോപ്പി ഡിസ്കുകൾ ഉപയോഗിച്ചിരുന്നു. 2021ലാണ് ഈ പഴഞ്ചൻ സാങ്കേതിക വിദ്യക്കെതിരെ ജപ്പാൻ പോരാട്ടം തുടങ്ങിയത്.
സാങ്കേതിക വിഭാഗം മന്ത്രി താരോ കോനോയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഫാക്സ് യന്ത്രങ്ങൾ ഉപേക്ഷിക്കുമെന്നും നേരത്തെ കോനോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഫാക്സിനുപകരം ഇ-മെയിലുകൾ ഉപയോഗിക്കാൻ ജീവനക്കാർ മടിച്ചതോടെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. ഫ്ലോപ്പി ഡിസ്ക് ഉപയോഗം നിർത്താനുള്ള തീരുമാനത്തിന് വൻ പ്രതികരണമാണ് ജപ്പാനിലെ സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
കാലഘട്ടത്തോട് യോജിക്കാത്ത ഭരണത്തിന്റെ പ്രതീകമാണ് ഫ്ലോപ്പി ഡിസ്കുകൾ എന്നാണ് ‘എക്സ്’ൽ ഒരാൾ അഭിപ്രായപ്പെട്ടത്. മൂന്നര ഇഞ്ച് ഫ്ലോപ്പി ഡിസ്കിന് 1.44 എം.ബി ഡേറ്റ വരെ ഉൾക്കൊള്ളാൻ കഴിയും. 32 ജി.ബി ഡേറ്റ സംഭരിക്കുന്ന മെമ്മറി സ്റ്റിക്ക് പകർത്താൻ 22,000ത്തിലധികം ഡിസ്കുകൾ വേണം. ഡിസ്കുകളുടെ അവസാന നിർമാതാക്കളായ സോണി 2011ൽ ഉൽപാദനം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.