മദ്യത്തിന്റെ ഹാങ്ങോവറിൽ ഒന്ന് മയങ്ങി; നഷ്ടമായത് ഒരു നഗരത്തിന്റെ മൊത്തം ഡാറ്റ
text_fieldsസഹപ്രവർത്തകർക്കൊപ്പം രാത്രി മദ്യപിക്കാൻ പുറത്തുപോയതായിരുന്നു ജപ്പാനിലെ ഒരു പ്രൈവറ്റ് കോൺട്രാക്ടർ. എന്നാൽ, മദ്യത്തിന്റെ ഹാങ്ങോവറിൽ ആയാളുടെ കൈയ്യിൽ നിന്ന് വളരെ ചെറിയൊരു സാധനം നഷ്ടമായി. എന്നാൽ, അത് രാജ്യവ്യാപകമായി വാർത്തയാവുകയും അയാൾക്ക് വലിയൊരു പൊല്ലാപ്പായി മാറുകയും ചെയ്തു.
കാരണം മറ്റൊന്നുമല്ല, നഷ്ടമായത് ഒരു യു.എസ്.ബി ഡ്രൈവാണ്. അതിലുള്ളതാകട്ടെ, 4.6 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങളും. ജപ്പാനിലെ ഒസാകയുടെ വടക്കുപടിഞ്ഞാറുള്ള അമാഗസാക്കി നഗരത്തിലെ 460,000 നിവാസികളുടെ സ്വകാര്യ വിവരങ്ങളാണ് ആ മെമ്മറി സ്റ്റിക്കിലുള്ളത്. ഫലത്തിൽ, അത്രയും ആളുകളെ തീ തീറ്റിച്ചിരിക്കുകയാണ് പേര് വെളിപ്പെടുത്താത്ത ആ സ്വകാര്യ കോൺട്രാക്ടർ.
കോവിഡ് ദുരിതാശ്വാസ ഫണ്ടുകൾ നഗരവാസികൾക്ക് എത്തിക്കുന്നതിനുള്ള സഹായത്തിനായി നിയോഗിച്ചതായിരുന്നു അയാളെ. 40 വയസ് പ്രായമുള്ള ഉദ്യോഗസ്ഥൻ ഒരു റെസ്റ്റോറന്റിൽ നിന്ന് മദ്യം കഴിച്ച് തെരുവിൽ ഉറങ്ങിപ്പോവുകയും ഉണർന്നപ്പോൾ യു.എസ്.ബി ഡ്രൈവ് അടങ്ങിയ അയാളുടെ ബാഗ് നഷ്ടപ്പെട്ടതായും പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഷ്‌ടമായ USB ഡ്രൈവിൽ നഗരവാസികളായ എല്ലാവരുടേയും പേരുകൾ, വിലാസങ്ങൾ, ജനനത്തീയതി എന്നിവയടങ്ങിയ വിവരങ്ങളും ധനസഹായം സ്വീകരിക്കുന്ന കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റ് സ്വകാര്യ വിവരങ്ങളുമുണ്ട്. അതേസമയം, ഇതുവരെ, വിവരങ്ങൾ ചോർന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. പെൻഡ്രൈവിന് പാസ്വേഡ് ലോക്കുള്ളതായും അവർ പറഞ്ഞു.
"നഗരത്തിന്റെ ഭരണത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ അഗാധമായി ഹനിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു," അമാഗസാക്കി ഉദ്യോഗസ്ഥൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി, എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.