ബി.എസ്.എൻ.എല്ലിനെ മറികടന്നു; ഇനി ഇന്ത്യയിലെ ഏറ്റവും വലിയ വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാവ് ജിയോ
text_fieldsഇന്ത്യയിലെ വയർഡ് ബ്രോഡ്‌ബാൻഡ് മേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആധിപത്യം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളോളമായി. 2000-ത്തിൽ ആദ്യമായി അവതരിപ്പിച്ചത് മുതൽ ബ്രോഡ്ബാൻഡ് മേഖലയിൽ അവരെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല.
എന്നാൽ, 20 വർഷങ്ങൾക്ക് ശേഷം അംബാനിയുടെ റിലയൻസ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവന ദാതാവായി മാറിയിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് മാത്രമായിരുന്നു ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്.
ടെലികോം സേവനരംഗം നിയന്ത്രിക്കുന്ന ട്രായിയുടെ (TRAI) റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് 43 ലക്ഷം പേർക്കാണ് ജിയോ ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം നൽകുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് ജിയോ അധികമായി ചേർത്തത്.
എന്നാൽ, ബി.എസ്.എൻ.എല്ലിെൻറ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒക്ടോബറിൽ 47 ലക്ഷം വരിക്കാരുണ്ടായിരുന്നിടത്ത് നവംബറിൽ അത് 42 ലക്ഷമായി കുറഞ്ഞു. അതേസമയം നവംബറിൽ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന്റെ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.
2019 സെപ്റ്റംബറിലാണ് ജിയോ ഫൈബർ എന്ന പേരിൽ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം ജിയോ തുടങ്ങിയത്. ഈസമയത്ത് ബിഎസ്എൻഎല്ലിന് 86 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്നു. രണ്ടുവർഷം കൊണ്ട് ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.