ജിയോഹോട്ട്സ്റ്റാർ ഡൊമെയ്ൻ പോരിൽ വൻ ട്വിസ്റ്റ്; വെബ്സൈറ്റിന് ദുബൈയിൽ പുതിയ ഉടമകൾ
text_fieldsകഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായ ഹാഷ്ടാഗാണ് jiohotstar. റിലയൻസിന്‍റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമയും ഹോട്ട്സ്റ്റാറും തമ്മിലെ ലയനം പൂർത്തിയായതിന് പിന്നാലെയാണ് പുതിയ ഡൊമെയ്ൻ പേരുമായി ബന്ധപ്പെട്ട കഥകൾ വൈറലായത്. ഇപ്പോൾ, അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ് ഇതിൽ.
സംഭവം ഇങ്ങനെ:- ജിയോ സിനിമയും ഹോട്സ്റ്റാറും തമ്മിലുള്ള ലയനത്തിന് മുമ്പ് തന്നെ ഡൽഹിക്കാരനായ ഒരു യുവ സോഫ്റ്റ് വെയർ ഡെവലപ്പർ jiohotstar.com എന്ന ഡൊമെയ്ൻ അയാളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ഇത്തരത്തിൽ ആർക്ക് വേണമെങ്കിലും ഡൊമെയ്ൻ രജിസ്റ്റർ ചെയ്യാനാകും. വൻകിട കമ്പനികളുടെ പേരിൽ ഡൊമെയ്ൻ രജിസ്റ്റർ ചെയ്യുകയും, പ്രതിഫലം വാങ്ങി അവർക്ക് ഡൊമെയ്ൻ കൈമാറുകയും ചെയ്യുന്നതിനെ 'സൈബർസ്വാട്ടിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് നിലവിൽ നിയമപരമായ തടസ്സങ്ങളില്ല. ഇത്തരത്തിൽ പല കമ്പനികളും വൻ തുക നൽകി ഡൊമെയ്ൻ പേരുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ജിയോയും ഹോട്സ്റ്റാറും ലയിക്കുന്നതിന് മുമ്പേ തന്നെയാണ് ഡൽഹി ഡെവലപ്പർ jiohotstar ഡൊമെയ്ൻ രജിസ്റ്റർ ചെയ്തത്. ഇങ്ങനെയൊരു ലയനത്തിന്‍റെ അഭ്യൂഹം വന്നപ്പോഴേ ഇയാൾ ഡൊമെയ്ൻ രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വന്തമാക്കിയ ഈ വെബ്സൈറ്റിൽ റിലയൻസിനോടുള്ള ഒരു അഭ്യർഥനയായിരുന്നു ഇയാൾ പ്രദർശിപ്പിച്ചത്. 'ഈ വെബ്സൈറ്റ് റിലയൻസിന് കൈമാറാൻ തയാറാണ്, പക്ഷേ തന്‍റെ തുടർപഠനത്തിന് ആവശ്യമായ പ്രതിഫലം നൽകണം' -എന്നായിരുന്നു ഡെവലപ്പറുടെ ആവശ്യം. റിലയൻസിനെ പോലെ ഒരു വൻകിട സ്ഥാപനത്തിന് തന്‍റെ ആവശ്യം നിസ്സാരമാണെന്നും ഇയാൾ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, യുവാവിന്‍റെ ആവശ്യത്തോട് റിലയൻസ് അനുകൂലമായി പ്രതികരിച്ചില്ല. പകരം, jiohotstar ഡൊമെയ്ന് വേണ്ടി നിയമപരമായി മുന്നോട്ടുപോകും എന്നാണ് ഡെവലപ്പറെ അറിയിച്ചത്. ഒരാളുടെ പഠനത്തിന് സഹായം ചെയ്ത് ഡൊമെയ്ൻ സ്വന്തമാക്കുന്നതിന് പകരം റിലയൻസ് പോലെയൊരു സ്ഥാപനം ഇക്കാര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണോ വേണ്ടത് എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നു. റിലയൻസിന്‍റെത് കടന്ന കൈയാണെന്നായിരുന്നു പൊതുവേ വിലയിരുത്തൽ.
എന്നാൽ, നിയമപരമായി മുന്നോട്ടുപോകാനുള്ള റിലയൻസിന്‍റെ തീരുമാനത്തിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണിപ്പോൾ. ഡൽഹി ഡെവലപ്പർ jiohotstar ഡൊമെയ്ൻ ദുബൈക്കാരായ കുട്ടികൾക്ക് വിറ്റതായാണ് പുതിയ വാർത്ത. 13 വയസുകാരന്‍ ജൈനം ജെയിന്‍, 10 വയസുകാരി ജീവിക ജെയിന്‍ എന്നിവരാണ് ഡെവലപ്പറില്‍ നിന്ന് ഈ ഡൊമെയിന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഡൊമെയ്‌നില്‍ പങ്കിട്ടിട്ടുണ്ട്. ഈ ഡൊമെയ്ന്‍ ആര്‍ക്കും സ്വന്തമാക്കാമെന്നും, വില്‍പ്പനയ്ക്കായി തുറന്നിടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയിലുള്ള കുട്ടികൾക്ക് വിറ്റതോടെ റിലയൻസിന് നിയമപരമായി നേരിടാനുള്ള സാധ്യതപോലും അടഞ്ഞിരിക്കുകയാണ്.
ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെയുള്ള യാത്രാ ഓര്‍മ്മകള്‍ പോസ്റ്റ് ചെയ്യാന്‍ jiohotstar വെബ്‌സൈറ്റ് ഉപയോഗിക്കുമെന്നാണ് സഹോദരങ്ങളുടേതായി പുറത്തുവരുന്ന സന്ദേശങ്ങള്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഡെവലപ്പറില്‍ നിന്നാണ് തങ്ങള്‍ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്നും ഇവര്‍ വിശദീകരിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.