5ജി അല്ല, ഇനി 5.5ജി; സൂപ്പർഫാസ്റ്റ് ഇന്റർനെറ്റുമായി ജിയോ, സെക്കൻഡിൽ 10 ജിബി സ്പീഡ്!
text_fieldsഇന്ത്യയിലെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയൻസ് ജിയോ, തങ്ങളുടെ നെറ്റ്‌വര്‍ക്കിൽ പുത്തൻ അപ്ഡേറ്റുമായി രംഗത്ത്. 5ജി സർവീസുകൾ 5.5ജിയിലേക്കാണ് ജിയോ ഉയർത്തിയിരിക്കുന്നത്. നിലവിൽ ലഭ്യമായ 5 ജി നെറ്റ്‌വർക്കിനേക്കാളും വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ നെറ്റ്‌വർക്കിന് സാധിക്കും. സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5.5ജി നെറ്റ്‌വര്‍ക്കിൽ 10 ജിബി പെർ സെക്കൻഡ് പീക്ക് ഡൗൺലിങ്കും 1 ജിബി പെർ സെക്കൻഡ് അപ് ലിങ്കുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
3ജിപിപി റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5ജിയുടെ അപ്‌ഡേറ്റഡ് വേർഷനാണ് 5.5ജി. കൂടുതൽ കവറേജ്, കൂടുതൽ വേഗത്തിലുള്ള അപ്‌ലിങ്ക് - ഡൗൺലിങ്ക് കണക്ടിവിറ്റികൾ എന്നിവയാണ് പുതിയ നെറ്റ്‌വർക്കിൽ ഉള്ളത്. മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗിച്ചാണ് മികച്ച ഇന്റർനെറ്റ് വേഗം ഉറപ്പാക്കുന്നത്. വൺപ്ലസ് ഫോണുകളുടെ പുതിയ മോഡലുകളിലായ വൺപ്ലസ് 13, വൺപ്ലസ് 13ആർ എന്നീ മോഡലുകളിലാണ് 5.5ജി നെറ്റ്‌വർക്ക് ആദ്യം ലഭ്യമാവുക.
5 ജി നെറ്റ്‌വർക്കിൽ 277.78Mbps വരെ ഡൗൺലോഡ് വേഗത കൈവരിച്ച വൺപ്ലസ് 13 5.5 ജി നെറ്റ്‌വർക്കിൽ 1,014.86Mbps വരെ ഡൗൺലോഡ് വേഗത കൈവരിക്കുന്നുണ്ട്. 5.5 നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഫോണുകൾക്ക് സ്‌ക്രീനിന്റെ മുകളിൽ '5 GA' ഐക്കൺ ആണ് നൽകിയിരിക്കുന്നത്. വൺപ്ലസ് 13 സീരിസ് ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുകളാണ് നൽകുന്നത്. 100 വാട്ടിന്റെ വയേർഡ് ചാർജിങ്ങുള്ള 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 69,999 മുതൽ 86,999 വരെയാണ് വൺപ്ലസ് 13ന്റെ വില. വൺപ്ലസ് 13ആർ ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പാണ് ഉള്ളത്. 42,999 രൂപമുതലാണ് ഫോണിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.