‘ഇതുകൊണ്ടാണ് കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കാത്തത്’; എ.ഐ-യുടെ അപകടം പറയുന്ന വിഡിയോയുമായി കെവിൻ പീറ്റേഴ്സൺ
text_fieldsമുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച വിഡിയോ ചർച്ച ചെയ്യുകയാണ് നെറ്റിസൺസ്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ പങ്കുവെച്ച് പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഈ വിഡിയോ കാണുക, പങ്കുവെക്കുകയും ചെയ്യുക. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ഒരിക്കലും ഞങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കാത്തതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഇതാണ്. ഇത് ഒരുപക്ഷെ 50 ശതമാനമോ അതിൽ കുറവോ മാത്രം ശരിയായിരിക്കാം. എങ്കിലും ഭയപ്പെടുത്തുന്നതാണ്.’’
എ.ഐ ഭാവി തലമുറകൾക്ക് എത്രത്തോളം അപകടകരമാകുമെന്ന് എടുത്തുകാണിക്കുകയാണ് വിഡിയോയിൽ. "എന്റെ വാക്കുകൾ അടയാളപ്പെടുത്തിക്കോളൂ, എ.ഐ നിങ്ങൾ കരുതുന്നതിനേക്കാളും കൂടുതൽ അപകടകരമാണ്" ഇലോൺ മസ്കിന്റെ ഈ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ശേഷം ‘എല്ല’ എന്നൊരു പെൺകുട്ടി പ്രത്യക്ഷപ്പെടും. അവൾ തന്റെ മാതാപിതാക്കളോട് സംസാരിക്കുകയാണ്.
എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച എല്ലയുടെ മുതിർന്ന രൂപമാണ് വിഡിയോയിൽ കാണാൻ സാധിക്കുക. അവളുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് ‘എല്ലയുടെ മുതിർന്ന പതിപ്പ് സൃഷ്ടിച്ചത്. നമ്മൾ കുട്ടികളുടെ ചിത്രങ്ങൾ നല്ല ചില ഓർമകൾക്കായി ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ, ചിലർക്ക് അതൊരു ഡാറ്റയായി മാറുകയാണ്. അതിലെ അപകടങ്ങളാണ് എല്ല തന്റെ രക്ഷിതാക്കളോട് വിശദീകരിക്കുന്നത്. ഏറെ ഭയപ്പെടുത്തുന്ന വിഡിയോ ചുവടെ നൽകിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.