അറിയാം, ആസ്വദിക്കാം... യാസ് ദ്വീപെന്ന മായാലോകം
text_fieldsഅബൂദബി: സാങ്കേതിക വിദ്യയെ തങ്ങളുടെ രാജ്യത്തിനു ഗുണകരമാക്കുന്ന രീതിയില്‍ എങ്ങിനെയൊക്കെ ഉപയോഗിക്കുന്നു എന്നതിന്റെ നിരവധി മാതൃകകള്‍ ഇവിടെയുണ്ട്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഫലപ്രദമായി ഉപയോഗിച്ച് അബൂദബി മുന്നേറുകയാണ്. ഇപ്പോഴിതാ സാംസ്കാരിക-ടൂറിസം മേഖലയില്‍ മറ്റൊരു ചുവടുവയ്പുകൂടി.
ലോകത്തിന്റെ ഏതുകോണിലിരുന്നും അബൂദബിയിലെ യാസ് ഐലന്‍ഡ് സന്ദര്‍ശിച്ച് നഗര സൗന്ദര്യം നേരില്‍കാണാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. യാസ് ഐലന്‍ഡിനെ വെര്‍ച്വല്‍ ലോകത്തേക്ക് സന്നിവേശിപ്പിക്കാനുള്ള പദ്ധതിയുടെ പേര് 'ദ യാസ് ഐലന്‍ഡ് മെറ്റാവേഴ്സ്' എന്നാണ്. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും അല്‍ദാര്‍, മിറാല്‍, ടു ഫോര്‍ 54, അബൂദബി മോട്ടോര്‍ സ്പോര്‍ട്ട്, ഫങ്ഷ് എന്റര്‍ടെയിന്‍മെന്റ് എന്നിവ സംയുക്തമായാണ് യാസ് ഐലന്‍ഡിലെ കാഴ്ചകള്‍ ത്രിമാന രൂപത്തില്‍ അവതരിപ്പിക്കുന്നത്.
യാസ് ഐലന്‍ഡിലെ കെട്ടിടങ്ങളും ഡിജിറ്റല്‍ ഹോമുകളും വാങ്ങാനും സാംസ്കാരിക ആകര്ഷണങ്ങള് കണ്ടെത്താനും തീം പാര്‍ക്കിലെ സൗകര്യങ്ങള്‍ ആസ്വദിക്കാനും ഗോള്‍ഫ് കോഴ്സുകള്‍ കാണാനും ലോകോത്തര കാറോട്ട മല്‍സരം കാണാനുമൊക്കെ വെര്‍ച്വല്‍ സൗകര്യത്തിലൂടെ സാധിക്കും. വെര്‍ച്വല്‍ ലോകത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് അവരവരുടെ അവതാറുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇതിനു പുറമേ അപ്രതീക്ഷിത സമ്മാനങ്ങളും ഓരോരുത്തര്‍ക്കും ലഭിച്ചേക്കാമെന്നും അധികൃതര്‍ പറയുന്നു.
എന്തൊക്കെ സാധ്യമാവുമോ അതിന്റെയൊക്കെ മുന്‍നിരയില്‍ നില്‍ക്കുകയെന്ന അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ ആത്മാര്‍ഥതയുടെ കേന്ദ്രബിന്ദു പുത്തന്‍ കണ്ടുപിടുത്തങ്ങളാണെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി പറയുന്നു. ആളുകള്‍ക്ക് തങ്ങളുടെ സമയവും സന്ദര്‍ഭവും അനുസരിച്ച് എവിടെയിരുന്നും ഏതുസമയത്തും യാസ് ഐലന്‍ഡിലെ കാഴ്ചകള്‍ നേരില്‍ കാണുന്നതു പോലെ അനുഭവിക്കാനാവും എന്നതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. നിലവില്‍ പദ്ധതി പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്.
വൈകാതെ ദ സാന്‍ഡ് ബോക്സ്, റോ ബ്ലോക്സ്, സൂപ്പര്‍ ലീഗ് ഗെയിമിങ് മുതലായവയിലൊക്കെ യാസ് ഐലന്‍ഡ് ഉള്‍പ്പെടുത്തപ്പെടും. 2023 ആദ്യപാദത്തോടെയാണ് യാസ് ഐലന്‍ഡ് മെറ്റാവേഴ്സ പൂര്‍ത്തിയാവുക. ഇതോടെ ഡിജിറ്റല്‍ സന്ദര്‍ശകര്‍ക്ക് യാസ് ഐലന്‍ഡിലെ കാഴ്ചകള്‍ യഥേഷ്ടം അനുഭവിക്കാം.കടലിന്റെ അടിയിലേക്കെത്തിച്ച് സന്ദര്‍ശകരെ കൊണ്ടുപോയി കാണിക്കുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്ക് സീ വേള്‍ഡ് അബൂദബിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
പുതുതലമുറയിലെ മറൈന്‍ ലൈഫ് തീം പാര്‍ക്കായ സീ വേള്‍ഡിന്റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. 183000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിരിക്കുന്ന തീംപാര്ക്കിന് അഞ്ച് ഇന്‍ഡോര്‍ തലങ്ങളുണ്ട്. 58 ദശലക്ഷം ലിറ്റര്‍ വെള്ളം തീം പാര്‍ക്കില്‍ ഉള്‍ക്കൊള്ളുമെന്നാണ് അധികൃതരുടെ വിശദീകരണം. മേഖലയിലെ ഏറ്റവും വലുതും അനേക സമുദ്രജീവികളാല്‍ സമ്പന്നവുമായ അക്വേറിയമാകും ഇത്. യാസ് ദ്വീപില്‍ പൂര്‍ത്തിയായി വരുന്ന ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം എന്ന് അവകാശപ്പെടാവുന്ന നിര്‍മിതിക്ക് യാസ് സീവേള്‍ഡ് റെസ്ക്യൂ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നാണ് പൂര്‍ണനാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.