സമൂഹമാധ്യമങ്ങൾ സന്ദേശ ഉറവിടം വെളിപ്പെടുത്താൻ ബാധ്യസ്ഥർ; ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ അറിയാം
text_fieldsന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ കോടതിയിൽനിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങിയതിനുപിന്നാലെ, സമൂഹമാധ്യമങ്ങൾക്ക് അടിമുടി കുരുക്കിട്ട് കേന്ദ്രസർക്കാർ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ അതിെൻറ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ചട്ടം സർക്കാർ പുറത്തിറക്കി.
ഫേസ്ബുക്ക്, വാട്സാപ്, ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾ, ഓൺലൈൻ വാർത്ത മാധ്യമങ്ങൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി (ഓവർ ദി ടോപ്) പ്ലാറ്റ്ഫോമുകൾ എന്നിവക്കെല്ലാം പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. വിവരസാങ്കേതിക വിദ്യ (മധ്യവർത്തി മാർഗനിർദേശങ്ങൾ, ഡിജിറ്റൽ മാധ്യമ സദാചാര സംഹിത) ചട്ടം 2021 നിയമ, ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.
ഇതാദ്യമായാണ് ഡിജിറ്റൽ, ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനും അതിൽ ഇടപെടാനും കഴിയുന്ന വിധം നിയന്ത്രണ വ്യവസ്ഥകൾ കൊണ്ടുവരുന്നത്.
എന്നാൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയും സമൂഹമാധ്യമങ്ങളെ സ്വയം നിയന്ത്രണത്തിന് പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ വിശദീകരിച്ചു. രാജ്യത്തിെൻറ അഖണ്ഡത, പരമാധികാരം, ദേശസുരക്ഷ എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തിന് വിലക്ക്.
ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ
അഞ്ചുവർഷം തടവ്
ദുഷ്ടലാക്കുള്ളതായി കാണുന്ന ഏതു സന്ദേശത്തിെൻറയും ഉറവിടം സമൂഹമാധ്യമങ്ങൾ സർക്കാറിനോട് വെളിപ്പെടുത്തണം.
എവിടെയാണ് തുടക്കം, ആരാണ് പിന്നിൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷ.
സമിതിക്ക് അധികാരം
സമൂഹമാധ്യമങ്ങൾക്കുമേൽ വിവിധ മന്ത്രാലയങ്ങളുടെ കർക്കശമായ മേൽനോട്ട സംവിധാനം ഉണ്ടാവും. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, വാർത്താവിതരണം, നിയമം, വിവര സാങ്കേതികവിദ്യ എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് മേൽേനാട്ട സമിതി. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടാൽ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്താൻ സമിതിക്ക് അധികാരം.
സമൂഹമാധ്യമ സ്ഥാപനത്തിന് ഓഫിസർ
ഇന്ത്യൻ ചട്ടങ്ങളുടെ ആജ്ഞാനുവർത്തിയായി ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓഫിസർ ഏതു സമൂഹമാധ്യമ സ്ഥാപനത്തിനും ഉണ്ടായിരിക്കണം.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്, ഉള്ളടക്കം എന്നിവ നീക്കിയാൽ ഉപയോക്താക്കളെ കാര്യകാരണ സഹിതം വിവരം അറിയിക്കണം. പരാതികൾ സ്വീകരിച്ച് ഒരു മാസത്തിനകം പരിഹരിക്കാൻ കമ്പനികൾ പരാതിപരിഹാര ഓഫിസറെ നിയമിക്കണം.
ഉള്ളടക്കം വിലക്കാൻ ഉദ്യോഗസ്ഥൻ
സർക്കാർ നിയോഗിക്കുന്ന ജോയൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്ളടക്കം വിലക്കണമെന്ന് നിർദേശിക്കാൻ അധികാരമുണ്ടായിരിക്കും. നിയമവിരുദ്ധമാണ് ഉള്ളടക്കമെങ്കിൽ, അതു നിരോധിക്കണമെന്ന ഉത്തരവ് ഇറക്കാൻ സർക്കാറിലേക്ക് ഈ സമിതി ശിപാർശ ചെയ്യും.
ഉള്ളടക്കം വേർതിരിക്കണം
അപകീർത്തി, അശ്ലീലം, വംശീയം, കുട്ടികൾക്ക് ദോഷകരം, ഐക്യത്തിനും അഖണ്ഡതക്കും രാജ്യരക്ഷക്കും സുരക്ഷക്കും ഭീഷണി ഉയർത്തുന്നവ എന്നിവക്ക് സമൂഹമാധ്യമങ്ങളിൽ വിലക്ക്. നിയമവിരുദ്ധ ഉള്ളടക്ക നിർദേശം കിട്ടിയാൽ 36 മണിക്കൂറിനകം നീക്കണം.
അക്രമ സ്വഭാവം, നഗ്നത എന്നിവയുടെ അടിസ്ഥാനത്തിൽ മുതിർന്നവർ, 16ൽ താഴെയുള്ളവർ എന്നിങ്ങനെ ഉള്ളടക്കം വേർതിരിക്കണം. അംഗീകാരമില്ലാത്ത ഉള്ളടക്കം കുട്ടികൾക്ക് കിട്ടുകയില്ലെന്ന് ഉറപ്പുവരുത്തണം. സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധമായ, സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതിനും ലൈംഗികതക്കും മറ്റുമെതിരായ പരാതികൾ കിട്ടിയാൽ 24 മണിക്കൂറിനകം അത് നീക്കണം.
പുതിയ വെബ്സൈറ്റുകൾ രജിസ്റ്റർ ചെയ്യണം
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധകം. പുതിയ വെബ്സൈറ്റുകൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഉപയോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വേണം. ചട്ട പ്രകാരം നീങ്ങാൻ മൂന്നുമാസ സാവകാശം.
ഒ.ടി.ടി: സ്വയം നിയന്ത്രണത്തിന് സംവിധാനം
ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സ്വയം നിയന്ത്രണത്തിന് റിട്ട. സുപ്രീംകോടതി/ഹൈകോടതി ജഡ്ജി/പ്രമുഖ വ്യക്തിയുടെ നേതൃത്വത്തിൽ സംവിധാനം വേണം. അത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.