കുവൈത്ത് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക സിസ്റ്റം ഹാക്ക് ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക സിസ്റ്റം ഹാക്ക് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ധനമന്ത്രാലയത്തിലെ ഒരു കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം ഉണ്ടായത്. വൈറസ് ബാധിച്ച സിസ്റ്റങ്ങൾ നെറ്റ്വര്ക്കില്നിന്ന് വിച്ഛേദിച്ചതായും ആവശ്യമായ സുരക്ഷനടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സർക്കാർ ഫിനാൻഷ്യൽ സെർവറുകൾ സുരക്ഷിതമാണ്. മന്ത്രാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണെന്നും നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെട്ടതായും ധനമന്ത്രാലയം പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് സൈബർ തട്ടിപ്പുകളും വ്യാപകമാണ്. രണ്ടു വർഷത്തിനിടെ, സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഏകദേശം 20,000 പേര് സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും പ്രായമായവരും സാങ്കേതികവിദ്യാ മേഖലയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരുമാണ്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷക്കു ഭീഷണിയായി മാറിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ എന്നും ഇവരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാജ സൈറ്റുകൾ സ്ഥാപിച്ചും ഔദ്യോഗിക രൂപത്തിൽ ജനങ്ങളെ കബളിപ്പിച്ചും പണം തട്ടുകയാണ് തട്ടിപ്പുകാരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.