ടിക് ടോകിനെ കോപ്പിയടിക്കുന്നത് നിർത്തൂ; പഴയ ഇൻസ്റ്റഗ്രാമിന് വേണ്ടി വാദിച്ച് കിം കര്‍ദാഷ്യാനും കൈലി ജെന്നറും
text_fieldsചിത്രങ്ങൾ മാത്രം പങ്കുവെക്കാൻ കഴിയുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം എന്ന നിലക്കായിരുന്നു ഇൻസ്റ്റഗ്രാം തുടക്കത്തിൽ ആഗോളതലത്തിൽ പ്രചാരം നേടിയത്. ഇൻസ്റ്റ അറിയപ്പെടുന്നത് തന്നെ ഫോട്ടോ ഷെയറിങ് ആപ്പ് എന്നാണ്. എന്നാൽ, സമീപകാലത്തായി അവരിലുള്ള മാറ്റം പല യൂസർമാർക്കും അത്ര ബോധിച്ചിട്ടില്ല. പ്രമുഖ മോഡലുകളും റിയാലിറ്റി ഷോയിലൂടെ ആഗോള പ്രശസ്തി നേടിയ സഹോദരിമാരായ കിം കര്‍ദാഷ്യാനും കൈലി ജെന്നറും അത് പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്.
കിമ്മിന് ഇൻസ്റ്റയിൽ 326 മില്യണിലധികം ഫോളോവേഴ്സുണ്ട്. കൈലിക്കാകട്ടെ 360 മില്യൺ പിന്തുടർച്ചക്കാരാണുള്ളത്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ഇരുവരും പഴയ ഇൻസ്റ്റഗ്രാമിനെ തിരിച്ചുതരണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോകിനെ പോലെ ആകാൻ ശ്രമിക്കാതെ ഇൻസ്റ്റഗ്രാമിനെ പഴയ ഇൻസ്റ്റഗ്രാം ആക്കണമെന്നാണ് കൈലി ജെന്നറും കിമ്മും നിർദേശിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ച ചിത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
''ഇൻസ്റ്റഗ്രാമിനെ വീണ്ടും ഇൻസ്റ്റഗ്രാം ആക്കുക. ടിക് ടോക് ആകാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക. എനിക്ക് എന്റെ സുഹൃത്തുക്കളുടെ ക്യൂട്ട് ചിത്രങ്ങൾ കാണണം. -ആത്മാർത്ഥമായി... എല്ലാവരും.... -ഇരുവരുടെയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
അടുത്തിടയായി ഓരോ പുതിയ അപ്ഡേറ്റുകളിലൂടെ ഇൻസ്റ്റഗ്രാം പതുക്കെ ടിക് ടോക് പോലെ, വിഡിയോ കേന്ദ്രീകരിച്ചുള്ള ആപ്പായി മാറിക്കൊണ്ടിരിക്കുകയാണ്. മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഹ്രസ്വ വീഡിയോകളിലേക്ക് തന്റെ സമൂഹ മാധ്യമ ആപ്പുകളെ തള്ളിവിടുകയാണ്. അതേസമയം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒരുപോലെ യൂസേഴ്സിനെ നഷ്ടപ്പെടുത്തുന്നുമുണ്ട്.
2018-ൽ സ്നാപ്ചാറ്റിന്റെ പുതിയ ലേഔട്ടിനെക്കുറിച്ച് ജെന്നർ തന്റെ നിരാശ പങ്കുവെച്ചപ്പോൾ, അത് അവരുടെ ഓഹരി മൂല്യത്തെ പോലും ബാധിച്ചിരുന്നു. അന്ന് എട്ട് ശതമാനത്തിലധികമാണ് ഇടിഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം, സ്നാപ്ചാറ്റിന് വിപണി മൂല്യത്തിൽ ഒരു ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.
അതേസമയം, ഇൻസ്റ്റാഗ്രാം അടുത്തിടെ റീൽസ് വിഭാഗത്തിൽ പുതിയൊരു അപ്‌ഡേറ്റുമായി വരുന്നതായി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താവ് പോസ്റ്റുചെയ്യുന്ന 15 മിനിറ്റിൽ താഴെയുള്ള ഏത് വീഡിയോയും ഇനിമുതൽ സ്വാഭാവികമായി ഒരു റീലായി മാറും. ഉപയോക്താവിന്റേത് ഒരു പബ്ലിക് അക്കൗണ്ട് ആണെങ്കിൽ, അത്തരം വിഡിയോകൾ കൂടുതൽ ആളുകൾക്ക് ഇൻസ്റ്റ തന്നെ ശുപാർശ ചെയ്യുകയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.