'വിവരം ചോരുന്നത് സ്വാഭാവികം, വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല'; ഫേസ്ബുക്ക് രഹസ്യരേഖയിലുള്ളത് ഞെട്ടിക്കുന്ന നിർദേശങ്ങൾ
text_fieldsഫേസ്ബുക്കുമായി ബന്ധപ്പെട്ട് 'ബിസിനസ് ഇൻസൈഡർ' പുറ്റത്തുവിട്ട ഒരു വാർത്ത ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 533 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു എന്നതായിരുന്നു റിപ്പോർട്ട്. ഇ മെയിൽ ഐ.ഡി, പൂർണമായ പേര്, മൊബൈൽ നമ്പരുകൾ, ജനനത്തിയതി, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. ഇന്ത്യയിൽ നിന്നുള്ള 61 ലക്ഷം പേരുടെ വിവരങ്ങളും ചോർന്നതിൽ പെടുന്നുണ്ടായിരുന്നു.
എന്നാൽ, അതിലേറെ ഞെട്ടിക്കുന്നതാണ് പുതിയ റിപ്പോർട്ട്. 53 കോടിയിലധികം ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ അടുത്തിടെ ഓൺലൈനിൽ വിൽപ്പനക്കെത്തിയ സംഭവത്തിന് പിന്നാലെ ഭാവിയിൽ അത്തരത്തിലുള്ള ചോർച്ച നേരിടാനുള്ള കമ്പനിയുടെ പി.ആർ പദ്ധതികൾ ഉൾപ്പെടുന്ന ഫേസ്ബുക്കിന്‍റെ ഒരു ഇേന്റണൽ മെമ്മോ ചോർന്നിരിക്കുകയാണ്. ബെൽജിയൻ ടെക് ന്യൂസ് സൈറ്റായ 'ഡാറ്റാ ന്യൂസ്' ആണ് സംഭവം പുറത്തുവിട്ടിരിക്കുന്നത്.
മെമ്മോയിൽ പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം വിചിത്രമാണ്. ഫേസ്ബുക്ക് ഭാവിയിൽ സ്ക്രാപ്പിങ്ങിലൂടെയുള്ള അത്തരം ഡാറ്റാ ലീക്കുകൾ കൂടുതലായി പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെയാണെങ്കിൽ, 'ഇത് പതിവായി നടക്കുന്ന പ്രവർത്തനം' എന്ന നിലയിൽ, യൂസർമാർക്കിടയിൽ സർവ്വ സാധാരണ സംഭവമായി മാറുമെന്നും മെമ്മോയിൽ പറയുന്നു. വിവരച്ചോർച്ച ആളുകൾ നിസാരമായി കാണുന്ന പ്രതീതി ഭാവിയിലുണ്ടാകുമെന്നാണ് ഫേസ്ബുക്ക് കണക്കുകൂട്ടുന്നത്. നേരത്തെ, 53.3 കോടി യൂസർമാരുടെ വിവരങ്ങൾ ചോർന്നതിന് ഫേസ്ബുക്ക് നൽകിയ മറുപടി, 'അത് 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പഴയ ഡാറ്റയാണെന്നായിരുന്നു'.
വിവരച്ചോർച്ചയെ 'നിസാരവത്കരിച്ച്' മെമ്മോയിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്...
ദീർഘകാല തന്ത്രം:- മാധ്യമങ്ങളുടെ കവറേജ് കുറയുന്നതിന്‍റെ പശ്ചാത്തലത്തിൽ ഞങ്ങൾ ഇൗ വിഷയത്തിൽ ഇനി കൂടുതൽ പ്രസ്താവനകൾ ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സ്ക്രാപ്പിങ് സംഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.. ഒരേസമയം, ഇതൊരു വിശാലമായ വ്യവസായ പ്രശ്നമായി രൂപപ്പെടുത്തുകയും അതുപോലെ, പതിവായി സംഭവിക്കുന്നു എന്ന കാരണത്താൽ നിസാര സംഭവമായി മാറ്റാനും കഴിയണം.
അങ്ങനെ ചെയ്യുന്നതിന്, ഞങ്ങളുടെ വിവരച്ചോർച്ചാ വിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിശാലമായി സംസാരിക്കുകയും ഈ മേഖലയിൽ ഞങ്ങൾ ചെയ്യുന്ന ജോലികളുമായി ബന്ധപ്പെട്ട് യൂസർമാർക്ക് കൂടുതൽ സുതാര്യത നൽകുകയും ചെയ്യുന്ന ഒരു ഫോളോ-അപ്പ് പോസ്റ്റ് ടീം അടുത്ത ആഴ്ചകളിൽ നിർദ്ദേശിക്കുന്നു.
ഇത് സ്ക്രാപ്പിങ് പ്രവർത്തനങ്ങളുടെ അളവ് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെങ്കിലും ഈ പ്രവർത്തനം തുടർച്ചയായി നടക്കുന്നുണ്ടെന്ന വസ്തുത അതിനെ ''സർവ സാധാരണം' എന്ന നിലയിലാക്കാനും ഇത്തരം സംഭവങ്ങളിൽ ഞങ്ങളുടെ ഭാഗം സുതാര്യമല്ലെന്ന വിമർശനങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. "
ലീക്കായ മെമ്മോ, ഫേസ്ബുക്കിന്‍റെ ഒദ്യോഗിക മെമ്മോ തന്നെയാണെന്ന് കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാറ്റാ സ്ക്രാപ്പിങ്ങിനെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, " -വക്താവ് പറഞ്ഞു. "ആളുകളുടെ ആശങ്കകൾ ഞങ്ങൾ മനസിലാക്കുന്നു, അതിനാലാണ് ഞങ്ങളുടെ അനുമതിയില്ലാതെ ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ സ്ക്രാപ്പ് ചെയ്യുന്നത് ബുദ്ധിമുേട്ടറിയതാക്കാനായി ഞങ്ങളുടെ സിസ്റ്റങ്ങളെ ശക്തിപ്പെടുത്തുന്നത് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും കോടിക്കണക്കിന് യൂസർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഫേസ്ബുക്ക് ജീവനക്കാർക്ക് വേണ്ടി പുറത്തുവിട്ട മെമ്മോ ടെക് ലോകത്തെയും അതോടൊപ്പം ആപ്പിന്‍റെ ഉപയോക്താക്കളെയും പരിഭ്രാന്തരാക്കുന്നത് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.