ഇൻസ്റ്റഗ്രാമിന്റെ ട്വിറ്റർ ‘ബദൽ’ P92; സ്ക്രീൻഷോട്ട് ലീക്കായി
text_fieldsഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി എത്തുകയാണ് മെറ്റ. ലോകമെമ്പാടുമായി 235 കോടിയോളം യൂസർമാരുള്ള ഇൻസ്റ്റഗ്രാമിന് കീഴിലാണ് മെറ്റ പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റക്കുള്ള ജനപ്രീതി മുതലെടുത്ത് പുതിയ ആപ്പിനെ കൂടുതലാളുകളിലെത്തിക്കാനാണ് മെറ്റ കണക്കുകൂട്ടുന്നത്.
ബാഴ്സലോണ, പി92 എന്നീ കോഡ്നെയിമിലാണ് ആപ്പ് നിലവിൽ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിന് കീഴിലാണെങ്കിലും ഒരു സ്വതന്ത്ര ആപ്പായിരിക്കുമിത്. അതിനിടെ ആപ്പിന്റെ സ്ക്രീൻഷോട്ട് ഇന്റർനെറ്റിൽ ലീക്കായി. മെറ്റയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ ക്രിസ് കോക്സ് തന്‍റെ ജീവനക്കാരുമായി പങ്കുവെച്ച പുതിയ ആപ്ലിക്കേഷന്‍റെ സ്ക്രീൻഷോട്ടാണ് ചോർന്നത്.
ഇൻസ്റ്റഗ്രാമിന്റെയും ട്വിറ്ററിന്റെയും സമ്മിശ്ര രൂപമാണ് ആപ്പിനെന്നാണ് സ്ക്രീൻഷോട്ട് നൽകുന്ന സൂചന. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പി92 എന്ന ആപ്പ് ‘ത്രെഡ്സ്’ എന്ന പേരിലായിരിക്കും പുറത്തിറങ്ങുക.
ആപ്പ് പരിചയപ്പെടുത്തവേ, ഇലോൺ മസ്കിനിട്ട് ക്രിസ് കോക്സ് കൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. ‘വിശ്വസിക്കാവുന്നതും 'വിവേകപൂർവം' കൈകാര്യം ചെയ്യുന്നതുമായ ഒരു മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷന്‍റെ ആവശ്യകത പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയെന്നാണ് കോക്സ് പറഞ്ഞത്.
500 അക്ഷരങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കാനുള്ള സൗകര്യം മെറ്റയുടെ പുതിയ ആപ്പിലുണ്ടാകും. ട്വിറ്ററിൽ നിലവിൽ സൗജന്യമായി 280 അക്ഷരങ്ങളുള്ള പോസ്റ്റുകൾ മാത്രമാണ് പങ്കുവെക്കാൻ കഴിയുക. എന്നാൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് 10,000 അക്ഷരങ്ങളുള്ള പോസ്റ്റുകൾ വരെ പോസ്റ്റ് ചെയ്യാം.
ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത് പോലെ നിങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുമായി പുതിയ ആപ്പ് കണക്ട്ഡായിരിക്കും. ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ആപ്പിൽ പ്രവേശിക്കാം. അതോടെ നിങ്ങളെ പിന്തുടരുന്നവർ, ബയോ വിവരങ്ങൾ, വെരിഫിക്കേഷൻ ടിക്ക് ഉണ്ടെങ്കിൽ അത് തുടങ്ങി എല്ലാ വിവരങ്ങളും പുതിയ ആപ്പിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.