സാങ്കേതിക വിദ്യയുടെ പുതിയ ലോകത്തേക്ക് ക്ഷണിച്ച് ‘ലീപ്പ് 2023’ എക്സ്പോ റിയാദിൽ
text_fieldsറിയാദ്: ഒരു ലക്ഷത്തിലധികം വിവര സാങ്കേതിക വിദഗ്‌ധരും 500ഓളം പ്രഭാഷകരും പങ്കെടുക്കുന്ന ആഗോള ഐ.ടി ആർട്ടിഫിഷ്യൽ മേളയായ ‘ലീപ്പ് 2023’ റിയാദിൽ ഫെബ്രുവരി ആറിന് ആരംഭിക്കും. പോസിറ്റീവ് ഭാവി കെട്ടിപ്പടുക്കുന്നതിന് സാങ്കേതികവിദ്യയുടെ പരിധിയില്ലാത്ത സാധ്യതകൾ ഉപയോഗപ്പെടുത്തുക ലക്ഷ്യം വെച്ചാണ് ‘ലീപ്പ്’ രണ്ടാം പതിപ്പ് നാലുദിവസങ്ങളിലായി റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻററിൽ നടക്കുക. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മേളയുടെ സംഘാടകർ.
ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തുന്ന 716ഓളം കമ്പനികളുടെ പവലിയനും 513ൽ അധികം പ്രസംഗകരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഒരു ലക്ഷത്തിലേറെ സന്ദർശകരെത്തും. 50 ശതമാനത്തിലേറെ സന്ദർശകർ ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും. മൈക്രോസോഫ്റ്റ്, ഹുവാവേ, എറിക്സൺ, ഐ.ബി.എം, അലിബാബ ക്ലൗഡ് ഉൾപ്പടെയുള്ള നൂറുകണക്കിന് ബഹുരാഷ്ട്ര കമ്പനികളും സൗദി അരാംകോ, സൗദി ടെലികോം തുടങ്ങി സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളും മന്ത്രാലയങ്ങളും അവരുടെ പദ്ധതികളും ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ മേളയിലുണ്ടാകും.
വിവിധ മേഖലകളിൽ ഉപയോഗിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും മേളയിയിലെത്തുന്നവർക്ക് പരിചയപ്പെടാം. ബന്ധപ്പെട്ട ടെക്നോളജിയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കമ്പനികളുടെ പ്രതിനിധികൾ പവലിയനിലുണ്ടാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റ് വെയർ നിർമിച്ചു നൽകുന്നതിന് ലോകോത്തര നിലവാരമുള്ള സോഫ്റ്റ് വെയർ കമ്പനികളും എൻജിനീയർമാരും മാർക്കറ്റിങ് എക്സിക്യുട്ടീവുകളും മേളയിലുണ്ടാകും. ടെക്നോളജി മേഖലയിൽ സംരഭകരാകാനുള്ള സാധ്യകതകളെ കുറിച്ചറിയാനും മേള സഹായകമാകും.
ലീപ്പിെൻറ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സൗദി വിവര സാങ്കേതിക മന്ത്രി അബ്ദുല്ല അൽ-സ്വാഹ പറഞ്ഞു. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യം വെച്ചുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗം കൂടിയാണിത്. വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ ജീവനക്കാരും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. സൗദിയിൽ ഐ.ടി രംഗത്തുള്ള വിദ്യാർഥികൾക്ക് മേള വലിയ രീതിയിൽ ഉപകാരപ്രദമാകും. ലോകത്തിലെ പ്രമുഖ ഐ.ടി വിദഗ്‌ധരെയും സ്ഥാപനങ്ങളെയും പരിചയപ്പെടാനും അത് വഴി സംരംഭകരാകാനും തൊഴിൽ നേടാനും ഇതൊരു സുവർണാവസരമാണെന്ന് അവർ പറയുന്നു.
റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ‘ലീപ്പ് 2023’ എക്സ്പോയിൽ പങ്കെടുക്കാൻ www.onegiantleap.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഇൗമെയലായി ലഭിക്കുന്ന ഇ-ബാഡ്ജ് എക്സിബിഷൻ ഹാളിന് പുറത്തുള്ള കിയോസ്കുകളിൽ സ്കാൻ ചെയ്ത് മേളനഗരിയിൽ പ്രവേശിക്കാം. തിങ്കളാഴ്ച ആരംഭിക്കുന്ന മേള വ്യാഴാഴ്ച വൈകീട്ടോടെ അവസാനിക്കും. റിയാദിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന ലീപ്പിെൻറ ആദ്യ പതിപ്പ് വിവര സാങ്കേതിക വിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തി ആഗോള ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.