'പിടിച്ചുനിൽക്കാൻ വയ്യ'; സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി എൽ.ജി
text_fieldsപ്രശസ്ത കൊറിയൻ ടെക്നോളജി ബ്രാൻറായ എൽജി സ്മാർട്ട്ഫോൺ നിർമാണം നിർത്താൻ പോകുന്നതായി റിപ്പോർട്ട്. സ്മാർട്ട്ഫോൺ വിപണിയിലെ കിടമത്സരമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അവരുടെ ഇരട്ട സ്ക്രീനുള്ള എൽ.ജി വിങ് സ്മാർട്ട്ഫോൺ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഫോൺ വിപണിയിൽ നിന്നും വിടപറയാനൊരുങ്ങുന്നത്. കൂടാതെ പുതിയ റോളബ്ൾ ഫോൺ കഴിഞ്ഞ ദിവസമായിരുന്നു എൽ.ജി ടീസ് ചെയ്തത്.
റോയിറ്റേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിടുന്ന കനത്ത നഷ്ടം മൂലമാണ് കമ്പനി സ്മാർട്ട്ഫോൺ നിർമാണ യൂണിറ്റ് അടച്ചുപൂട്ടാൻ പദ്ധതിയിട്ടിട്ടുള്ളത്. ''ആഗോള വിപണിയിൽ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള മൊബൈൽ ബിസിനസ്സിലെ മത്സരം രൂക്ഷമായിരിക്കുകയാണ്. ഞങ്ങളുടെ മൊബൈൽ ഫോൺ ബിസിനസ്സിനെക്കുറിച്ച് ഏറ്റവും മികച്ച തീരുമാനമെടുക്കേണ്ട ഘട്ടത്തിലെത്തിയെന്ന് എൽജി ഇലക്ട്രോണിക്സ് വിശ്വസിക്കുന്നു. " - എൽജി സിഇഒ ബ്രയാൻ ക്വോൺ തൊഴിലാളികൾക്ക് അയച്ച മെമ്മോയിൽ പറഞ്ഞു.
മൊബൈൽ വ്യവസായത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ നിലനിർത്തുമെന്നും ക്വോൺ മെമ്മോയിൽ പറഞ്ഞു. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ്സ് യൂണിറ്റുകളിലേക്ക് മാറ്റാൻ എൽജി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ബാക്കി 40 ശതമാനം ആളുകളെ കമ്പനി എന്ത് ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.
കമ്പനിക്ക് 4.5 ബില്യൺ ഡോളർ നഷ്ടമാണുണ്ടായിരിക്കുന്നത്. അത് ഏകദേശം 32,847 കോടി രൂപ വരും. ഒരു കാലത്ത് ആഗോള സ്മാർട്ട്ഫോൺ മാർക്കറ്റിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രാൻറായിരുന്നു എൽ.ജി. എന്നാൽ, 2020ൽ ഏഴാം സ്ഥാനം പോലും അവർക്ക് അലങ്കരിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.