ലോൺ ആപ് തട്ടിപ്പ്: ചൈനയിലേക്ക് കടത്തിയത് 500 കോടി; 22 പേർ അറസ്റ്റിൽ
text_fieldsഇൻസ്റ്റന്റ് ലോണിന്‍റെ പേരിൽ അമിത പലിശ ഈടാക്കുന്നതായും തിരിച്ചടച്ചതിനുശേഷം നഗ്നചിത്രങ്ങൾ ഉപയോഗിച്ച് പണം തട്ടുന്നതായും പരാതിയുണ്ടായിരുന്നു
ന്യൂഡൽഹി: വിവിധ അതിവേഗ വായ്പ ആപ്പുകളിലൂടെ ഇന്ത്യയിൽനിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തിയതായി ഡൽഹി പൊലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ് (ഐ.എഫ്.എസ്.ഒ) വിഭാഗം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനിടെ 22 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായും ഐ.എഫ്.എസ്.ഒ അധികൃതർ അറിയിച്ചു. ആപ്പുകളിലൂടെ പണംതട്ടുന്ന ചൈനക്കാർക്കുവേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റന്റ് ലോണിന്‍റെ പേരിൽ അമിത പലിശ ഈടാക്കുന്നതായും ലോൺ തിരിച്ചടച്ചതിനുശേഷവും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കാണിച്ച് നൂറുകണക്കിന് പരാതി ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.പി.എസ്. മൽഹോത്ര അറിയിച്ചു. നൂറിലധികം ആപ്പുകൾ ഉപയോഗിച്ച് ഇത്തരത്തിൽ പണം തട്ടുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
എല്ലാ ആപ്പുകളും വ്യാജ പേരുകളിലാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ടെലഫോൺ കോൺടാക്ട്, ചാറ്റ്, മെസേജ്, ചിത്രങ്ങൾ എന്നിവ ചൈനീസ് സെർവറുകളിലേക്ക് അപ്േലാഡ് ചെയ്യപ്പെടും. ലോൺ അപേക്ഷകൾ ഗൂഗ്ൾപേയുമായും മറ്റ് വെബ്സൈറ്റുകളുമായി ബന്ധിപ്പിക്കും. ലോൺ ഡൗൺലോഡ് ചെയ്യുന്നതോടെ ഉപഭോക്താവിന്‍റെ വിവരങ്ങളെല്ലാം ചൈനീസ് സെർവറിൽ എത്തും. ഈ വിവരങ്ങൾ മറ്റ് പല സ്വകാര്യ കമ്പനികൾക്കും കൈമാറും. വിവിധ ഫോണുകളിൽനിന്ന് മാറിമാറി വിളിച്ചാണ് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നത്.
ലോൺ അടവായും ഭീഷണിപ്പെടുത്തിയും ഉപഭോക്താക്കളിൽനിന്ന് തട്ടുന്ന പണം ഹവാലയായും ക്രിപ്റ്റോ കറൻസിയായുമാണ് ചൈനയിലേക്ക് കടത്തുന്നത്. 5000 മുതൽ 10,000 രൂപ വരെ ലോൺ എടുക്കുന്നവർ ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാൻ നിർബന്ധിതരാവുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.