ഓൺലൈൻ തീവ്രവാദം: നയങ്ങൾ വിപുലീകരിക്കുമെന്ന് ടെക് ഭീമന്മാർ
text_fieldsഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് പ്രധാന ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാർ ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമ പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നും തീവ്രവാദത്തെ തടയുമെന്നും യൂട്യൂബ് പറഞ്ഞു. ഇത്തരം വിഡിയോകൾ സൃഷ്ടിക്കുന്നവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെങ്കിലും അത് നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ യൂട്യൂബ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും യു.എസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വിഡിയോകൾ ഇപ്പോഴുമുണ്ട്.
ടെക് ട്രാൻസ്പെരൻസി പ്രോജക്ടിന്റെ റിപ്പോർട്ട് പ്രകാരം 435 അക്രമ അനുകൂല വിഡിയോകൾ യൂട്യൂബിൽ ഉണ്ട്. അതിൽ 85 എണ്ണം ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം പോസ്റ്റ് ചെയ്തവയാണ്. അക്രമത്തിന് പരിശീലനം നൽകുന്ന വിഡിയോകൾ വരെ അതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ തങ്ങളുടെ നയങ്ങൾ മുൻപുള്ളതിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് യൂട്യൂബ് വക്താവ് ജാക്ക് മലോൻ പറഞ്ഞു. തെറ്റായ വിവരങ്ങൾ എങ്ങനെ കണ്ടെത്താം എന്ന് മനസ്സിലാക്കാൻ യുവാക്കൾക്കായി മാധ്യമ സാക്ഷരതാ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും യൂട്യൂബ് പറഞ്ഞു.
അക്രമം തടയാനും കണ്ടെത്താനും തങ്ങളുടെ മെഷീൻ ലേണിങ്, എ.ഐ ടൂളുകൾ കുറഞ്ഞ വിലയിൽ സ്കൂളുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും നൽകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. മിഡിൽബെറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഗവേഷകരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് മെറ്റായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.