'വാട്സ്ആപ്പ് പേ'ക്ക് ഇന്ത്യയിൽ പച്ചക്കൊടി; ഇനി പണം കൈമാറ്റം സന്ദേശമയക്കും പോലെ എളുപ്പം
text_fieldsഒടുവിൽ വാട്സ്ആപ്പിെൻറ ഡിജിറ്റൽ പേയ്മെൻറ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചു. നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഒാഫ് ഇന്ത്യ (എൻ.പി.സി.െഎ) കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് വാട്സ്ആപ്പ് പേയ്ക്ക് രാജ്യത്ത് പച്ചക്കൊടി വീശിയതായി അറിയിച്ചത്. ഇന്ത്യയിലെ 160 ലധികം ബാങ്കുകൾ പിന്തുണയ്ക്കുന്ന തത്സമയ പേയ്‌മെൻറ് സംവിധാനമായ ഏകീകൃത പേയ്‌മെൻറ് ഇൻറർഫേസ് അഥവാ യു.പി.െഎ ഉപയോഗിച്ചുള്ള പണം കൈമാറ്റം ഇനി വാട്സ്ആപ്പിലൂടെയും സാധിക്കും.
രാജ്യത്തെ ഒരു മില്യൺ യൂസർമാർക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പ് പേ തുടക്കത്തിൽ അനുവദിച്ചിരുന്നു. എന്നാൽ, 20 മില്യൺ യൂസർമാർക്ക് (രണ്ട് കോടി) ഇനി മുതൽ വാട്സ്ആപ്പ് പേയിലൂടെ പണം കൈമാറ്റം ചെയ്യാനും സ്വീകരിക്കാനും സാധിക്കും. വൈകാതെ കൂടുതൽ പേർക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ വാട്സ്ആപ്പിന് 40 കോടി ഉപയോക്താക്കളുണ്ട്. എൻ.പി.സി.െഎ തേർഡ് പാർട്ടി പേയ്മെൻറ് ആപ്പുകൾക്ക് ഒരു പരിധി വരെ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ് എല്ലാ ഉപയോക്താക്കൾക്കും ഒരുമിച്ച് യു.പി.െഎ സംവിധാനം ലഭ്യമാകാത്ത സാഹചര്യം നിലനിൽക്കുന്നത്.
വാട്സ്ആപ്പ് പേ പ്രവർത്തിക്കുന്നത് എങ്ങനെ...??
വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ, ആൻഡ്രോയ്ഡ് െഎ.ഒ.എസ് ഒാപറേറ്റിങ് സിസ്റ്റങ്ങളിലുള്ളവർ ആദ്യം ചെയ്യേണ്ടത് അവരവരുടെ വാട്സ്ആപ്പ് ഏറ്റവും ലേറ്റസ്റ്റ് വേർഷനാക്കി മാറ്റുക എന്നതാണ്. അതിന് അതത് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ പോയി വാട്സ്ആപ്പ് അപ്ഡേറ്റായി എന്ന് ഉറപ്പുവരുത്തുക. വാട്സ്ആപ്പ് പേയിലൂടെ പണം അയക്കാണമെങ്കിൽ ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. (ഇന്ത്യയിലെ അഞ്ച് പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെൻറ് ബാങ്ക് എന്നിവയുമായി പ്രവർത്തിക്കുന്നതിന് വാട്സ്ആപ്പ് ധാരണിയിലെത്തി കഴിഞ്ഞു) -നിങ്ങൾ വാട്സ്ആപ്പിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത നമ്പറായിരിക്കണം. കൂടെ അതിൽ എസ്.എം.എസ് അയക്കാനുള്ള ബാലൻസും കരുതേണ്ടതുണ്ട്.
ശേഷം വാട്സ്ആപ്പിെൻറ ഏറ്റവും മുകളിൽ വലതുഭാഗത്തായുള്ള ത്രീഡോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് 'പേയ്മെൻറ്സ്' എന്ന സെക്ഷനിലേക്ക് പോവുക. അതിൽ, 'ആഡ് പേയ്മെൻറ്സ് മെത്തേഡ്'എന്ന ഒാപഷ്നിൽ ക്ലിക്ക് ചെയ്താൽ ബാങ്കുകളുടെ ലിസ്റ്റ് വരും. അതിൽ നിങ്ങളുടെ ബാങ്കുകൾ സെലക്ട് ചെയ്തതിന് ശേഷം യു.പി.െഎ പരിശോധനക്കായി മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിന് ഒരു എസ്.എം.എസ് അയക്കും.
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വാട്സ്ആപ്പ് പേ, യു.പി.െഎക്കായി സജ്ജീകരിച്ചുകഴിഞ്ഞാൽ, വാട്സ്ആപ്പ് കോൺടാക്ടിലുള്ളവർക്ക് അവരുടെ ചാറ്റ് വിൻഡോയിൽ പോയി പേയ്മെൻറുകൾ നടത്താൻ സാധിക്കും. ആൻഡ്രോയ്ഡ് ഫോണുകളിൽ അറ്റാച്ച്മെൻറ് ബട്ടണിൽ പേയ്മെൻറ് എന്ന ഒാപഷ്ൻ കാണാൻ സാധിക്കും. അതേസമയം, െഎ.ഒ.എസ് ആണെങ്കിൽ ഒരു 'പ്ലസ്' ബട്ടണായിരിക്കും ഉണ്ടാവുക. പേയ്മെൻറ് ഒാപ്ഷനിൽ പോയി തുക ടൈപ്പ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള സന്ദേശവും ചേർത്ത് പണം അയക്കാം. അയച്ചുകഴിഞ്ഞാൽ ചാറ്റ് വിൻഡോയിൽ അത് വ്യക്തമാക്കിക്കൊണ്ടുള്ള മെസ്സേജും ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്സ്ആപ്പ് പേ സൗജന്യമാണ് എന്നതും സംവിധാനം ഉപയോഗിക്കാൻ കെവൈസി പൂർത്തിയാക്കേണ്ടതില്ല എന്നതും മറ്റ് പ്രത്യേകതകളാണ്. ഒരു ഇടപാടിെൻറ പരിധി ഒരു ലക്ഷം രൂപയാണ്. അതുപോലെ, ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചുള്ള പണം കൈമാറ്റം ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് പേയിൽ നിലവിൽ നൽകിയിട്ടില്ല.
ഇന്ത്യൻ ബാങ്ക് അക്കൗണ്ടും ഇന്ത്യൻ മൊബൈൽ നമ്പറും ഉപയോഗിക്കുന്നവർക്ക് മാത്രമാണ് വാട്സ്ആപ്പ് പേ ലഭിക്കുക. പണം അയക്കാനും സ്വീകരിക്കാനുമുള്ള സംവിധാനം മാത്രമാണ് വാട്സ്ആപ്പ് പേ. പേടിഎം, ഫോൺപേ, ആമസോൺ പേ, ഇവയൊക്കെ പോലെ പണം സൂക്ഷിക്കാനുള്ള വാലറ്റ് സംവിധാനം ഇതിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.