ആമസോണിലെ ഓഫർ കണ്ട് മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ ടെക്കി; എന്നാൽ കിട്ടിയത് മുട്ടൻ പണി
text_fieldsഅമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ പതിനായിരത്തോളം ജീവനക്കാരെയായിരുന്നു സമീപകാലത്തായി പിരിച്ചുവിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുകയുമാണ്. എന്നാൽ, അതിനെല്ലാം പുറമേ, ചില പുതിയ നിയമനക്കാർക്ക് അയച്ച ഓഫർ ലെറ്ററുകളും ആമസോൺ റദ്ദാക്കുന്നുണ്ട്. ഇന്ത്യക്കാരനായ ഒരു ടെക്കിക്ക് അത്തരമൊരു പണി ആമസോണിൽ കിട്ടുകയും ചെയ്തു. ബെംഗളൂരു സ്വദേശി ആരുഷ് നാഗ്പാലാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ആമസോണിൽ നിന്ന് ലഭിച്ച ജോബ് ഓഫറിൽ പ്രതീക്ഷയർപ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സുരക്ഷിതമായ ജോലിയും ഉപേക്ഷിച്ച് കാനഡയിൽ പോയതായിരുന്നു ആരുഷ്. സ്വന്തം നാട്ടിൽ തന്നെയുള്ള ജോലി വേണ്ടെന്ന് വെച്ച് കാനഡയിൽ താമസം തുടങ്ങിയപ്പോഴാണ് ആമസോൺ ജോബ് ഓഫർ പിൻവലിച്ചതായി ആരുഷിനെ അറിയിച്ചത്. അതോടെ ലിങ്ക്ഡ്ഇന്നിൽ തന്റെ സങ്കടം വിവരിച്ചുകൊണ്ട് നീളൻ പോസ്റ്റുമായി ആരുഷ് എത്തി.
ആമസോൺ കാനഡയിലെ ഓഫീസിലേക്കാണത്രേ ആരുഷിനെ ക്ഷണിച്ചത്. ഓഫർ പ്രകാരം കാനഡയിലെ വാൻഗൂവറിലേക്ക് ആരുഷ് താമസം മാറുകയും ചെയ്തു. എന്നാൽ ജോയിൻ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫർ പിൻവലിച്ചതായി കമ്പനിയുടെ അറിയിപ്പ് ലഭിക്കുകയും ചെയ്തു. കാനഡയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവിവരം കമ്പനിയെ അറിയിച്ചിരുന്നുവെന്നും വർക്ക് പെർമിറ്റ് ഉൾപ്പടെ തനിക്ക് ലഭിച്ചുവെന്നും ആരുഷ് സാക്ഷ്യപ്പെടുത്തുന്നു.
കാനഡയിലേക്ക് വരുന്നതിന് ഒരുദിവസം മുമ്പ്, യാത്രയെക്കുറിച്ച് തന്റെ ഹയറിങ് മാനേജരുമായി ചാറ്റ് ചെയ്‌തിരുന്നതായും നാഗ്പാൽ പറഞ്ഞു. എന്നാൽ ആമസോൺ ഓഫർ റദ്ദാക്കിയ വാർത്ത തന്നെ നടുക്കിയെന്നും ആരുഷ് കൂട്ടിച്ചേർത്തു. ആമസോൺ വാൻഗൂവറിലെ മറ്റേതെങ്കിലും ടീമിനൊപ്പം ചേരാൻ താൻ തയ്യാറാണെന്നും മുമ്പുണ്ടായിരുന്ന സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാനും താൻ സന്നദ്ധനാണെന്നും ആരുഷ് നാഗ്പാൽ അറിയിച്ചു.
ഇതാദ്യമായല്ല ആമസോൺ ജോബ് ഓഫർ പിൻവലിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു ഗൂഗിൾ എഞ്ചിനീയർ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള കമ്പനിയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ആമസോണിൽ ചേരുകയായിരുന്നു. എന്നാൽ, ജോയിൻ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് ഓഫർ റദ്ദാക്കിയതായി അദ്ദേഹത്തെ കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.