'സമാധാനപരമായ അധികാര കൈമാറ്റം നടക്കട്ടെ', അതുവരെ ട്രംപിന് 'ബ്ലോക്കെന്ന്' മാർക്ക് സക്കർബർഗ്
text_fieldsസമാധാനപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നതുവരെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 'ബ്ലോക്ക്'കുറഞ്ഞത് രണ്ടാഴ്ച്ചത്തേക്ക് എങ്കിലും അനിശ്ചിതമായി നീട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കുന്നു എന്ന് കാട്ടിയാണ് ബുധനാഴ്ച്ച ട്രംപിനെതിരെ ട്വിറ്ററും ഫേസ്ബുക്കും നടപടിയുമായി മുന്നോട്ടുവന്നത്.
ട്രംപിന്‍റെ മൂന്ന് ട്വീറ്റുകൾ മറച്ച ട്വിറ്റർ ഇവ നീക്കംചെയ്യാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചത് നീട്ടുമെന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇന്നലെ ട്രംപിെൻറ വിഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റയിൽ നിന്നും നീക്കം ചെയ്തിരുന്നു. അതിൽ വാഷിംഗ്ടണിലെ ക്യാപിറ്റൽ കെട്ടിടം ഉപരോധിച്ച കലാപകാരികളോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ട്രംപ് അതേ അക്രമകാരികളോട് "ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു" എന്നും പറഞ്ഞിരുന്നു.
ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധിപേർ രംഗത്തെത്തി. അതോടെ ഫേസ്ബുക്ക് ട്രംപിെൻറ അക്കൗണ്ടുകൾ 24 മണിക്കൂറിനേക്ക് മരവിപ്പിക്കുകയും ചെയ്തു. ട്രംപ് പോസ്റ്റ് ചെയ്യാറുള്ള ഉള്ളടക്കങ്ങൾ തങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ മുമ്പ് അവ തെറ്റാണെന്ന് ലേബൽ ചെയ്യുകയോ, അല്ലെങ്കിൽ നീക്കം ചെയ്യുകയോ ചെയ്തിരുന്നുവെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.
"ഞങ്ങളുടെ സ്വന്തം നിയമങ്ങൾക്ക് അനുസൃതമായി ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അദ്ദേഹത്തെ ഇതുവരെ അനുവദിച്ചിരുന്നു. എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ അക്രമാസക്തമായ കലാപത്തിന് പ്രേരിപ്പിക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ ഇപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണെന്നും'' അദ്ദേഹം പറയുന്നു.
അധികാരമൊഴിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപിെൻറ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനുള്ള തീരുമാനം, ലോകനേതാവിനോടുള്ള ഫേസ്ബുക്കിെൻറ ദീർഘകാല മനോഭാവത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന മാറ്റമാണ് കാണിക്കുന്നത്. ട്രംപ് ജനുവരി 20ന് ഒഴിഞ്ഞുപോകുന്നതോടെ തങ്ങളുടെ ബിസിനസിൽ ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വളരെയധികം താൽപര്യം കാണിച്ചേക്കാവുന്ന ജോ ബൈഡനെയും പരിവാരങ്ങളെയുമാണ് ഇനി ഫേസ്ബുക്കിന് നേരിടേണ്ടി വരിക എന്നതും ശ്രദ്ദേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.