പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ
text_fieldsഫലസ്തീനിയൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ബയോയിൽ "ഭീകരവാദി (terrorist)" എന്ന് ചേർത്തതിന് മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ. ‘അനുചിതമായ അറബി വിവർത്തങ്ങൾക്ക് കാരണമാകുന്ന തങ്ങളുടെ ചില പ്രൊഡക്ടുകളിലെ പിഴവുകൾ’ മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും പ്രശ്നം പരിഹരിച്ചതായും മെറ്റ വാർത്താകുറിപ്പിലൂടെ അറിയിച്ചു. സംഭവത്തിൽ മാപ്പുചോദിക്കുകയാണെന്നും മെറ്റ പറഞ്ഞു.
ഇസ്രായേൽ-ഗസ്സ സംഘർഷത്തിനിടെ ഫലസ്തീനികളെ പിന്തുണക്കുന്നതും ഗസ്സയിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്നതുമായുള്ള ഉള്ളടക്കങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്യുന്നതായുള്ള ആരോപണവും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും നേരിടുന്നുണ്ട്. അതിന് പിന്നാലെയാണ് ഫലസ്തീനിയൻ പ്രൊഫൈലുകളുടെ ബയോയിൽ ‘ഭീകരവാദി’ എന്ന് ചേർക്കുന്നതായി കണ്ടെത്തിയത്.
‘ഫലസ്തീനിയൻ’ എന്നും ‘അൽഹംദുലില്ലാഹ്’ എന്നും അറബിയിൽ ചേർത്ത ഒരു ബയോ 'ദൈവത്തിനു സ്തുതി, ഫലസ്തീൻ ഭീകരവാദികൾ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു പോരാടുന്നത്' എന്നായിരുന്നു ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കാണിച്ചത്. മറ്റൊരു അക്കൗണ്ടിൽ ഫലസ്തീൻ ഭീകരവാദികൾ എന്നും ദൈവത്തിനു സ്തുതി എന്നുമാണു ചേർത്തിട്ടുള്ളത്. സംഭവം വലിയ വിവാദമായതോടെ മെറ്റ വിശദീകരണവുമായി എത്തുകയായിരുന്നു.
തെളിവായി ഒരു യൂസർ പങ്കുവെച്ച വിഡിയോ
‘ഫലസ്തീനിയൻ’ - എന്ന ഭാഗം നീക്കം ചെയ്തപ്പോൾ
ഷാഡോ ബാൻ
ഫലസ്തീൻ അനുകൂല പോസ്റ്റുകളുടെ പേരിൽ ഇൻസ്റ്റാഗ്രാം തങ്ങളെ "ഷാഡോ ബാൻ" ചെയ്യുന്നതായും ചില ഉപയോക്താക്കൾ വെളിപ്പെടുത്തുന്നു. (മറ്റുള്ളവരുടെ ഫീഡുകളിൽ നിങ്ങളുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു പ്ലാറ്റ്ഫോം ഇടപെടുന്നതിനാണ് ഷാഡോ ബാൻ എന്ന് പറയുന്നത്). സംഘർഷവുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന സ്റ്റോറികൾക്ക് അല്ലാത്തവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ കാഴ്ച മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് യൂസർമാർ ആരോപിക്കുന്നത്. അതുപോലെ ആരെങ്കിലും തങ്ങളുടെ അക്കൗണ്ടുകൾ ഇൻസ്റ്റയിൽ തിരയുമ്പോൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഒരു ‘ബഗ്’ ഇൻസ്റ്റഗ്രാം സ്‌റ്റോറികളെ ബാധിച്ചിട്ടുണ്ടെന്ന് മെറ്റ സമ്മതിച്ചെങ്കിലും ഇപ്പോൾ സംഭവിക്കുന്ന സംഘർഷത്തിന് അതുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. തങ്ങൾ ബോധപൂർവം ആരുടെയെങ്കിലും ശബ്ദം അടിച്ചമർത്തുന്നതായുള്ള ആരോപണത്തിൽ ഒരു യാഥാർത്ഥ്യവുമില്ലെന്നും മെറ്റ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.