മെറ്റാവേഴ്സിന് ഇതെന്തുപറ്റി..! വി.ആർ ഹെഡ്സെറ്റിന്റെ വില കുത്തനെ കുറച്ച് മെറ്റ
text_fields5ജി യുഗത്തിലേക്ക് പൂർണ്ണമായി കടക്കുമ്പോൾ മാർക്ക് സക്കർബർഗിന്റെ മെറ്റാവേഴ്സ് ഉൾപ്പടെ വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ കൂടുതൽ സ്വീകാര്യത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് മുന്നിൽ കണ്ട് വെർച്വൽ റിയാലിറ്റി ഗെയിമുകളും, വിർച്വൽ റിയാലിറ്റി വീഡിയോകളുമെല്ലാം ആസ്വദിക്കാൻ സഹായിക്കുന്ന വി.ആർ ഹെഡ്സെറ്റുകളും അനുബന്ധ ഉപകരണങ്ങളുമൊക്കെ ഇപ്പോൾ വിപണിയിൽ ധാരാളമുണ്ട്.
എന്നാൽ, വി.ആർ രംഗത്ത് മുൻപന്തിയിലുള്ള ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മെറ്റാവേഴ്സ് കമ്പനിക്ക് വമ്പൻ സാമ്പത്തിക പ്രതിസന്ധി സമ്മാനിച്ചതിനൊപ്പം ഇപ്പോൾ അവരുടെ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ ക്വെസ്റ്റ് ഡിമാൻഡില്ലാതെ വിപണിയിൽ കിതയ്ക്കുകയാണ്. ഡിമാൻഡ് പ്രതീക്ഷിച്ചതിലും ദുർബലമായതിനാൽ വി.ആർ ഹെഡ്സെറ്റുകളുടെയും ഒപ്പം അവരുടെ ഹൈ-എൻഡ് മിക്സഡ് റിയാലിറ്റി ഡിവൈസിന്റെയും വില ഗണ്യമായി കുറച്ചിരിക്കുകയാണ് കമ്പനി.
കോർപ്പറേറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി അവ ഹെഡ്‌സെറ്റായ മെറ്റാ ക്വസ്റ്റ് പ്രോയ്ക്ക് ഇന്ന് മുതൽ 1,000 ഡോളർ നൽകിയാൽ മതി. 1,500 ഡോളറിനായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ പ്രീമിയം വി.ആർ ഹെഡ്സെറ്റ് അവതരിപ്പിച്ചത്. 256-ജിഗാബൈറ്റ് മെറ്റാ ക്വസ്റ്റ് 2-നും വില കുറച്ചിട്ടുണ്ട്. അതേസമയം, മെറ്റയുടെ വിആർ ഡിവിഷൻ റിയാലിറ്റി ലാബ്‌സിന് 2022ൽ 13.7 ബില്യൺ ഡോളർ നഷ്ടമായിരുന്നു.
വില കുറയുന്നതോടെ കൂടുതൽ പേർക്ക് വി.ആർ ലോകത്തേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഡിമാൻഡ് കുറഞ്ഞത് കാരണമാണ് മെറ്റ വില കുറച്ചതെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ജോലിയുടെ ഭാഗമായി ഉപകരണം ഉപയോഗിക്കാൻ താൽപ്പര്യമുള്ള എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് വിൽക്കുക എന്നതായിരുന്നു ക്വസ്റ്റ് പ്രോ അവതരിപ്പിച്ചതിലൂടെ മെറ്റ ലക്ഷ്യമിട്ടത്. എന്നാൽ, അത് വിജയിച്ചില്ല. വി.ആർ ഹെഡ്സെറ്റിനെ പിന്തുണക്കുന്ന തേർഡ്-പാർട്ടി ആപ്പുകളുടെ അഭാവം വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.