വാട്സ്ആപ് സ്വകാര്യത നയം: പിഴ അംഗീകരിക്കില്ലെന്ന് മെറ്റ; അപ്പീൽ പോകും
text_fieldsന്യൂഡൽഹി: വാട്സ്ആപ് സ്വകാര്യത നയവുമായി ബന്ധപ്പെട്ട് 213.14 കോടി രൂപ പിഴ ചുമത്തിയ ഇന്ത്യയുടെ മത്സര കമീഷൻ (കോംപറ്റീഷൻ കമീഷൻ-സി.സി.ഐ) നടപടി അംഗീകരിക്കില്ലെന്ന് സമൂഹ മാധ്യമ ഭീമൻ ‘മെറ്റ’. കമീഷൻ നടപടിക്കെതിരെ അപ്പീൽ പോകുമെന്നും കമ്പനി അറിയിച്ചു. വാട്സ്ആപ് 2021ല്‍ കൊണ്ടുവന്ന സ്വകാര്യത നയവുമായി ബന്ധപ്പെട്ടാണ് പിഴ ഈടാക്കിയത്.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം 2021ല്‍ വാട്സ്ആപ് പുതുക്കിയിരുന്നു. 2021 ജനുവരിയിലാണ് വാട്സ്ആപ് അതിന്റെ നിബന്ധനകളിലും സ്വകാര്യത നയത്തിലും മാറ്റം വരുത്തിയത്. 2021 ഫെബ്രുവരി എട്ടിനുശേഷം ഉപയോക്താക്കളുടെ വിവരം മെറ്റയുമായി പങ്കുവെക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്സ്ആപ് സേവനം ലഭ്യമാക്കില്ലെന്നും നിലപാടെടുത്തു.
എന്നാൽ, ഇതിനെ കോംപറ്റീഷൻ കമീഷൻ എതിർക്കുകയായിരുന്നു. വാട്സ്ആപ് സേവനം നൽകുന്നത് ഒഴികെ ഉപയോക്താക്കളുടെ വ്യക്തിവിവരം മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കുന്നതിന് വ്യവസ്ഥയില്ലെന്ന് സി.സി.ഐ ചൂണ്ടിക്കാട്ടി. എന്നാൽ, 2021ലെ സ്വകാര്യത നയം പുതുക്കൽ ആളുകളുടെ വ്യക്തിഗത സന്ദേശങ്ങൾക്ക് ബാധകമാക്കിയിരുന്നില്ലെന്നും നിർബന്ധമായിരുന്നില്ലെന്നുമാണ് മെറ്റയുടെ വിശദീകരണം. ഇതുമൂലം ആരുടെയും അക്കൗണ്ടുകൾ ഇല്ലാതാക്കുകയോ വാട്സ്ആപ് സേവനം മുടങ്ങുകയോ ചെയ്തിരുന്നില്ലെന്നും കമ്പനി വക്താവ് പ്രതികരിച്ചു.
213.14 കോടി പിഴയിട്ടതിനൊപ്പം 2029വരെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ മറ്റ് സ്ഥാപനങ്ങളുമായി പങ്കുവെക്കരുതെന്ന് കോംപറ്റീഷൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.