ഫേസ്ബുക്കിനും ഇൻസ്റ്റക്കും ശേഷം പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ; ലക്ഷ്യം ട്വിറ്റർ
text_fieldsഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് ശനിദശയാണ്. ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ അടക്കമുള്ള ശതകോടീശ്വരന്റെ പല നീക്കങ്ങളും ട്വിറ്ററിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. നിരവധി യൂസർമാരാണ് മൈക്രോബ്ലോഗിങ് സൈറ്റ് വിട്ടുപോയത്. എന്നാൽ, ഈയവസരം മുതലെടുത്ത് ചിലർ ട്വിറ്ററിന് ബദൽ ആപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. മുൻ ട്വിറ്റർ സി.ഇ.ഒ ആയ ജാക്ക് ഡോർസി ‘ബ്ലൂസ്കൈ’ എന്ന പേരിലുള്ള പുതിയ ആപ്പിന്റെ പണിപ്പുരയിലാണ്.
ഏറ്റവും ഒടുവിലായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് (META) ട്വിറ്ററിനുള്ള പണിയുമായി എത്തുന്നത്. ആളുകൾക്ക് ടെക്‌സ്‌റ്റ് അധിഷ്‌ഠിത അപ്‌ഡേറ്റുകൾ പോസ്‌റ്റ് ചെയ്യുന്നതിനായി ഒരു സമർപ്പിത ആപ്പ് നിർമ്മിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണിപ്പോൾ മെറ്റ.
“ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനായി ഞങ്ങൾ ഒരു സ്വതന്ത്ര വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ ആലോചിക്കുകയാണ്, ക്രിയേറ്റർമാർക്കും പൊതു വ്യക്തികൾക്കും അവരുടെ താൽപ്പര്യങ്ങളെക്കുറിച്ചുള്ള സമയോചിതമായ അപ്‌ഡേറ്റുകൾ പങ്കിടാൻ കഴിയുന്ന ഒരു പ്രത്യേക ഇടത്തിന് അവസരമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." - മെറ്റ പ്ലാറ്റ്‌ഫോമർ ന്യൂസിനോട് പറഞ്ഞു.
മെറ്റയുടെ പുതിയ ആപ്പിന് P92 എന്ന കോഡ് നെയിമാണ് നൽകിയിരിക്കുന്നത്. മാത്രമല്ല ഉപയോക്താക്കളെ അവരുടെ നിലവിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ അനുവദിക്കും. ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോൾ പ്രാരംഭ ഘട്ടത്തിലുള്ള ആപ്പിന്റെ റിലീസ് എന്നായിരിക്കുമെന്ന് മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, പുതിയ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ വശം, നെറ്റ്‌വർക്കിനെ വികേന്ദ്രീകരിക്കാൻ മെറ്റാ പദ്ധതിയിടുന്നു എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരു വികേന്ദ്രീകൃത നെറ്റ്‌വർക്കിൽ വ്യക്തിഗത ഉപയോക്താക്കൾക്ക് അവരുടെ സ്വന്തവും, സ്വതന്ത്രവുമായ സെർവറുകൾ സജ്ജീകരിക്കാനും ഉള്ളടക്കം എങ്ങനെ മോഡറേറ്റ് ചെയ്യപ്പെടുന്നു എന്നതിന് സെർവർ കേന്ദ്രീകരിച്ചുള്ള നിയമങ്ങൾ സജ്ജമാക്കാനും കഴിയും. ജാക്ക് ഡോർസിയുടെ ബ്ലൂസ്കൈയും ട്വിറ്ററിന്റെ വികേന്ദ്രീകൃത ബദലായാണ് അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.