
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ജീവനക്കാർക്ക് തിരിച്ചടി; കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ച് സക്കർബർഗ്
text_fieldsസോഷ്യൽ മീഡിയ ഭീമൻ മെറ്റ വീണ്ടും ജീവനക്കാരെ വ്യാപകമായി പിരിച്ചിവിടുന്നു. ഫേസ്ബുക്ക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 10,000 ജീവനക്കാരെ കൂടി പിടിച്ചുവിടാൻ പോകുകയാണെന്ന് കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. മാർക്ക് സക്കർബർഗ് നേരത്തേ പ്രഖ്യാപിച്ചത് പ്രകാരം ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ബുധനാഴ്ച പിരിച്ചുവിടൽ പ്രഖ്യാപനം നടത്താൻ തയ്യാറെടുക്കാനായി ഫേസ്ബുക്ക് മാതൃ കമ്പനി മാനേജർമാരെ ഒരു മെമ്മോ മുഖേന അറിയിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിവിധ വിഭാഗങ്ങളിലെ ടീമുകളെ പുനഃക്രമീകരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രധാന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള സി.ഇ.ഒ സക്കർബർഗിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടൽ. മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ പുതിയ നിയമനങ്ങൾ മരവിപ്പിച്ച മെറ്റ, റിക്രൂട്ടിങ്ങും നീട്ടിവെക്കുകയുണ്ടായി.
പിരിച്ചുവിടൽ നിരവധി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും, നിലവിലെ സാഹചര്യത്തിൽ അവർക്ക് പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ടായിരിക്കും. എങ്കിലും, കമ്പനിയുടെ ദീർഘകാല വിജയത്തിന് ഈ നീക്കം അനിവാര്യമാണ്, കൂടാതെ പിരിച്ചുവിടൽ പാക്കേജുകളും പുതിയ ജോലിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൾപ്പെടെ പിരിച്ചുവിട്ട ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും സക്കർബർഗ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.