പരസ്യങ്ങളില്ലാതെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാം; പ്രതിമാസ ഫീസ് ഈടാക്കാൻ മെറ്റ
text_fieldsഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരസ്യങ്ങളുടെ ശല്യമില്ലാതെ ഉപയോഗിക്കാനായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സൗകര്യവുമായി എത്താൻ പോവുകയാണ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ. പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷനായി തങ്ങളുടെ യൂറോപ്യൻ ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 14 ഡോളർ (ഏകദേശം 1,165 രൂപ) ഈടാക്കാൻ മെറ്റ പദ്ധതിയിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ മാർക്കറ്റിൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ, സ്വകാര്യത കാരണങ്ങളാൽ യൂറോപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അംഗീകരിച്ചാൽ സമീപഭാവിയിൽ തന്നെ ഇന്ത്യയിലും പരസ്യരഹിത പ്ലാൻ എത്തിയേക്കാം.
റിപ്പോർട്ടുകൾ പ്രകാരം, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിൽ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ ഉപയോക്താക്കൾ പ്രതിമാസം 10.46 ഡോളർ അല്ലെങ്കിൽ 10 യൂറോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകേണ്ടി വന്നേക്കാം. ഒന്നിലധികം അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ടിന് ഏകദേശം ആറ് യൂറോ എന്ന കണക്കിൽ അധിക തുകയും നൽകേണ്ടി വരും. മൊബൈൽ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയിരിക്കും.
അയർലണ്ടിലെ പ്രൈവസി റെഗുലേറ്റർമാരുമായും ബ്രസൽസിലെ ഡിജിറ്റൽ കോംപറ്റീഷൻ റെഗുലേറ്റർമാരുമായും യൂറോപ്യൻ യൂണിയൻ പ്രൈവസി റെഗുലേറ്റർമാരുമായുമൊക്കെ തങ്ങളുടെ പുതിയ പദ്ധതികളുടെ വിശദാംശങ്ങൾ മെറ്റാ ഉദ്യോഗസ്ഥർ പങ്കിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.