യൂട്യൂബിനും ടിക് ടോകിനും മുട്ടൻ പണി; പുതിയ വിഡിയോ ആപ്പുമായി മെറ്റ
text_fieldsഒരു കാലത്ത് വിഡിയോക്ക് പ്രധാന്യം നൽകുന്ന സോഷ്യൽ മീഡിയ ആപ്പായി നമുക്ക് ഗൂഗിളിന്റെ യൂട്യൂബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈർഘ്യമേറിയ വിഡിയോകൾക്ക് മാത്രമായിരുന്നു യൂട്യൂബ് പ്രധാന്യം നൽകിയിരുന്നത്. എന്നാൽ, ചൈനീസ് ആപ്പായ ടിക് ടോകിന്റെ വരവ് യൂട്യൂബിന് വമ്പൻ തിരിച്ചടി സമ്മാനിച്ചു. അതുവരെയുണ്ടായിരുന്ന ട്രെൻഡുകളെയെല്ലാം കാറ്റിൽ പറത്തി, ടിക് ടോക് ഹ്രസ്വ വിഡിയോകൾ യുവാക്കൾക്കിടയിൽ തരംഗമാക്കി.
അതുവരെ ഫോൺ ലാൻഡ്സ്കേപ് മോഡിൽ പിടിച്ച് വിഡിയോ കണ്ടിരുന്നവരെ വെർട്ടിക്കൽ മോഡിലേക്ക് ടിക് ടോക് കൺവേർട്ട് ചെയ്തു. എല്ലാവരും ഫോൺ കുത്തനെ പിടിച്ച് ഹ്രസ്വ വിഡിയോകൾ സ്വൈപ് ചെയ്ത് ആസ്വദിക്കുന്നവരായി മാറി. ദൈർഘ്യമേറിയ വിഡിയോകൾ കാണുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
ടിക് ടോക് രാഷ്ട്രീയ കാരണങ്ങളാൽ നിരോധിക്കപ്പെട്ടതോടെ, അവരുടെ പാത പിന്തുടർന്ന് മെറ്റയും ഗൂഗിളും അവരുടെ ആപ്പുകളിൽ യൂട്യൂബ് ഷോർട്സും റീൽസുമൊക്കെ അവതരിപ്പിച്ചു. ഇപ്പോഴിതാ, യൂട്യൂബിനെ വെല്ലാൻ പുതിയ പുതിയൊരു വെർട്ടിക്കൽ വിഡിയോ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. പക്ഷെ, ഹ്രസ്വ വിഡിയോകൾ മാത്രം ആസ്വദിക്കാൻ കഴിയുന്ന ആപ്പല്ല കെട്ടോ മെറ്റ ഉദ്ദേശിക്കുന്നത്.
മെറ്റ ലോഞ്ച് ചെയ്യാൻ പോകുന്ന ആപ്പ് ഏറെ പുതുമയും പ്രത്യേകതകളും നിറഞ്ഞതായിരിക്കും. എല്ലാ തരത്തിലുമുള്ള വിഡിയോകൾ ആപ്പില്‍ കാണാന്‍ കഴിയും. റീല്‍സ്, ഷോട്‌സ് പോലുള്ള ലെങ്ത് കുറഞ്ഞ വീഡിയോ മുതല്‍ ദൈര്‍ഘ്യം കൂടിയ വീഡിയോകളും ആപ്പിലൂടെ ആസ്വദിക്കാം. തുടക്കത്തിൽ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് അവതരിപ്പിക്കുക തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും എത്തും.
ഇന്ത്യയിലെ നിരോധനം ബാധിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ ടിക് ടോകിന് വലിയ രീതിയിൽ പ്രചാരമുണ്ട്. അമേരിക്കയിൽ ടിക്ടോക്കിന് വിലക്കുവീഴാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്. പുതിയ ആപ്പിലൂടെ ടിക് ടോക് ഒഴിച്ചിടുന്ന മാർക്കറ്റ് പിടിച്ചടക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ദൈർഘ്യമേറിയ വിഡിയോകളും ആപ്പിൽ ഉൾകൊള്ളിക്കുന്നതിനാൽ, യൂട്യൂബിനും മെറ്റ വെല്ലുവിളിയുയർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.